19/10/2026
[fontresizer_tawhidurrahmandear_widget]

‘ഫോം 6-ൽ വരുത്തിയ മാറ്റങ്ങൾ അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല’: നിലപാട് വ്യക്തമാക്കി സുപ്രീംകോടതി

 ‘ഫോം 6-ൽ വരുത്തിയ മാറ്റങ്ങൾ അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല’: നിലപാട് വ്യക്തമാക്കി സുപ്രീംകോടതി

ന്യൂഡൽഹി: വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഫോം 6-ൽ വരുത്തിയ മാറ്റങ്ങൾ സുപ്രീം കോടതി അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഈ വർഷം ആദ്യത്തിൽ ബിഹാറിലെ പ്രത്യേക തീവ്ര പുനപരിശോധന വിഷയം പരിഗണിക്കുമ്പോൾ ഇത്തരം പരിഷ്കരിച്ച ഫോം നിലവിലുണ്ടായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

വോട്ടർ പട്ടിക പുതുക്കുന്നതിനായി ഫോം 6-ൽ ചേർത്ത പുതിയ സത്യവാങ്മൂലം സുപ്രീം കോടതി ശരിവെച്ചെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദങ്ങൾക്കിടെയാണ് കോടതിയുടെ സുപ്രധാന വിശദീകരണം. കോടതിയുടെ മുൻകാല നിരീക്ഷണങ്ങളെ ഫോമിനുള്ള അംഗീകാരമായോ നിരസിക്കലായോ വ്യാഖ്യാനിക്കരുതെന്നും, വിഷയം കോടതി വിശദമായി പരിശോധിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ജോയ്മാല്യ ബാഗ്‌ചിയാണ് ബിഹാർ കേസ് പരിഗണിച്ച സമയത്ത് പുതിയ ഫോം നിലവിലുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കിയത്. പ്രിയ മിശ്ര നൽകിയ ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം.

അന്തിമ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷകർ പൂർവ്വികരുടെ വിവരങ്ങളോ മുൻപത്തെ എസ്ഐആർ വിവരങ്ങളോ ഇസിഐ നെറ്റ് പോർട്ടലിൽ നിർബന്ധമായും നൽകണമെന്ന മാറ്റങ്ങൾ ജൂലൈ മാസത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിയത്. കേന്ദ്ര സർക്കാർ ഫോം 6-ൽ വരുത്തിയ മാറ്റങ്ങൾ 1960-ലെ രജിസ്ട്രേഷൻ ഓഫ് ഇലക്ട്രോഴ്‌സ് റൂൾസിന് വിരുദ്ധമാണെന്നും അഡ്മിനിസ്ട്രേറ്റീവ് തീരുമാനങ്ങളിലൂടെ ഏകപക്ഷീയമായി മാറ്റാനാകില്ലെന്നുമാണ് ഹരജിയിലെ പ്രധാന വാദം.

പുതിയ മാറ്റങ്ങൾ അനുസരിച്ച് നവാഗതരായ അപേക്ഷകർ തങ്ങളോ മാതാപിതാക്കളോ മുത്തശ്ശിമാരോ മുൻ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കിയാൽ മാത്രമേ അപേക്ഷ സമർപ്പിക്കാനാകൂ. വിഷയം സംബന്ധിച്ച മറ്റ് ഹരജികൾക്കൊപ്പം ഒക്ടോബർ 27-ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

Also read: