വോട്ട് മോഷണം ചര്‍ച്ച ചെയ്യാനുള്ള കൂടിക്കാഴ്ച: പ്രതിപക്ഷ നേതാക്കളെ കാണാന്‍ വിസമ്മതിച്ച് ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: രാജ്യത്തെ വോട്ട് മോഷണം വിഷയം ചര്‍ച്ച ചെയ്യുന്നതിനായി കാണാന്‍ അനുമതി തേടിയ പ്രതിപക്ഷ നേതാക്കളുടെ അഭ്യര്‍ത്ഥന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരസിച്ചു. വിഷയം ഭരണപരമായ തലത്തില്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ തലത്തില്‍ ഔദ്യോഗികമായി ഹരജി സമര്‍പ്പിക്കാന്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോട് നിര്‍ദേശിച്ചു.
ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇന്ന് വൈകിട്ട് നാലിനും അഞ്ചിനും ഇടയില്‍ കൂടിക്കാഴ്ചയ്ക്കായി സമയം ചോദിച്ച് ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍, രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ഇത്തരം കൂടിക്കാഴ്ചകള്‍ അധികാര വിഭജന തത്വത്തിന്റെ ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. കൂടാതെ, പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയം നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതാണെന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് അറിയിച്ചു. ചീഫ് ജസ്റ്റിസിന്റെ മറുപടി രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക ഇമെയിലിലേക്ക് അയച്ചിട്ടുണ്ട്.
ഭരണപരമായ തലത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ സുപ്രീം കോടതിക്ക് കഴിയില്ലെങ്കിലും, മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ ഏത് പൗരനും കോടതിയെ സമീപിക്കാമെന്നും അതിനായി വാതിലുകള്‍ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
വോട്ട് മോഷണം അവസാനിപ്പിക്കുക, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി, വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പുനരവലോകന (എസ്.ഐ.ആര്‍) നടപടികള്‍ നിര്‍ത്തിവെക്കുക, ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്ക് പകരം ബാലറ്റ് പേപ്പറിലേക്ക് മടങ്ങുക എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനം കൈമാറാനാണ് പ്രതിപക്ഷം തീരുമാനിച്ചിരുന്നത്.
കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ലെങ്കിലും ‘ചലോ ഡല്‍ഹി – മാര്‍ച്ച് ഫോര്‍ ഡെമോക്രസി’ എന്ന പേരില്‍ സുപ്രീം കോടതിയിലേക്ക് പ്രതിപക്ഷം പ്രതിഷേധ മാര്‍ച്ച് നടത്തും. കൊണാട്ട് പ്ലേസ് ബാരക്കംബ റോഡ് ജങ്ഷനില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ചില്‍ പാര്‍ട്ടി, ജാതി, മത ഭേദമന്യേ എല്ലാവരും പങ്കാളികളാകണമെന്ന് രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും ചീഫ് ജസ്റ്റിസിന് മുന്നില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണ് സമയം ചോദിച്ചതെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.