അനധികൃത സ്പാകൾക്ക് പൂട്ടിടാൻ ‘ഓപ്പറേഷൻ സ്പാ’: പെൺകുട്ടികളെ ചൂഷണം ചെയ്താൽ കർശന നടപടിയെന്ന് ആഭ്യന്തരമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ലൈസൻസില്ലാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിക്കുന്ന അനധികൃത സ്പാകൾക്കെതിരെ പോലീസ് ‘ഓപ്പറേഷൻ സ്പാ’ എന്ന പേരിൽ വ്യാപക പരിശോധന ആരംഭിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇത്തരം സ്ഥാപനങ്ങൾ അടിയന്തരമായി പൂട്ടിക്കുമെന്നും ഉടമകൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ മറവിലാണ് പല സ്പാകളും പ്രവർത്തിക്കുന്നത്. ആരാണ് ഇവ ആരംഭിക്കുന്നതെന്നോ ഇവിടെ എന്താണ് നടക്കുന്നതെന്നോ വ്യക്തതയില്ലാത്ത സാഹചര്യമാണുള്ളത്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും പെൺകുട്ടികളെ എത്തിച്ച് ജോലി ചെയ്യിപ്പിക്കുകയും അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്യുന്നതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. പൊതുജനങ്ങളെ വഞ്ചിക്കുന്നതും സാമ്പത്തികമായി കബളിപ്പിക്കുന്നതുമായ സംഭവങ്ങളും ഇവിടങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇത്തരം തട്ടിപ്പുകളും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയാനായി കഴിഞ്ഞ മൂന്നു നാലു ദിവസങ്ങളായി സംസ്ഥാനത്തുടനീളം പോലീസ് വ്യാപക റെയ്ഡുകൾ നടത്തുകയും കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ നടപടികൾ കൂടുതൽ ശക്തമാക്കും. പെൺകുട്ടികളെയും കുടുംബങ്ങളെയും സംരക്ഷിക്കുന്നതിനും സ്പാകളുടെ പ്രവർത്തനം കൃത്യമായി നിയന്ത്രിക്കുന്നതിനുമായി പ്രത്യേക നിയമനിർമാണം നടത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിച്ചു വരികയാണെന്നും മന്ത്രി കൂട്ടിചേർത്തു.