19/10/2026
[fontresizer_tawhidurrahmandear_widget]

‘ശ്രമിച്ചാൽ പ്രധാനമന്ത്രിയുടെ അപ്പോയിന്റ്മെന്റ് വരെ കിട്ടും’; നടൻ ഷറഫുദ്ദീനെ ട്രോളി സംവിധായകൻ ഒമർ ലുലു

 ‘ശ്രമിച്ചാൽ പ്രധാനമന്ത്രിയുടെ അപ്പോയിന്റ്മെന്റ് വരെ കിട്ടും’; നടൻ ഷറഫുദ്ദീനെ ട്രോളി സംവിധായകൻ ഒമർ ലുലു

സംവിധായകൻ ഒമർ ലുലു ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സിനിമാ ലോകത്ത് ശ്രദ്ധ നേടുന്നത്. നടൻ ഷറഫുദ്ദീനെ ഫോണിൽ കിട്ടുന്നില്ലെന്ന് തമാശ രൂപേണ വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. ‘ഹാപ്പി വെഡ്ഡിങ്’ എന്ന സിനിമയ്ക്ക് ശേഷം പത്ത് വർഷത്തിന് ശേഷമാണ് ഒമർ ലുലു ഷറഫുദ്ദീനുമായി വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കാൻ തയ്യാറെടുക്കുന്നത്.

രണ്ട് പുതിയ ചെറുപ്പക്കാർ വന്ന് പറഞ്ഞ കഥ കേട്ടപ്പോൾ, ഇതിലെ കഥാപാത്രം ഷറഫുദ്ദീൻ ചെയ്താൽ നന്നായിരിക്കുമെന്ന് തോന്നിയതിനെ തുടർന്നാണ് ആറ് വർഷങ്ങൾക്ക് ശേഷം താൻ ഷറഫിനെ വിളിച്ചതെന്ന് ഒമർ ലുലു കുറിക്കുന്നു. സ്ക്രിപ്റ്റിന്റെ പകുതിയോളം പൂർത്തിയായ സമയത്തായിരുന്നു ഇത്. സ്ക്രിപ്റ്റ് വായിച്ചിട്ട് പറയാമെന്ന് ഷറഫുദ്ദീൻ മറുപടി നൽകുകയും ചെയ്തു. എന്നാൽ സ്ക്രിപ്റ്റ് കൂടുതൽ നന്നാക്കിയിട്ട് കാണാമെന്ന് വിചാരിച്ച് ഒമർ ലുലു ബാക്കി എഴുത്തുമായി മുന്നോട്ട് പോവുകയായിരുന്നു.

നിലവിൽ സിനിമയുടെ സ്ക്രിപ്റ്റ് 80 ശതമാനവും പൂർത്തിയായിട്ടുണ്ട്. ഇനി ആർട്ടിസ്റ്റിനെ കൺഫോം ചെയ്താൽ മാത്രമേ സ്ക്രിപ്റ്റ് പൂർണ്ണമായും പൂർത്തീകരിക്കാൻ സാധിക്കൂ. എന്നാൽ ഷറഫുദ്ദീൻ ഇപ്പോൾ വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്നും രണ്ടു മാസമായി ഇതാണ് അവസ്ഥയെന്നും ഒമർ ലുലു തമാശയായി പോസ്റ്റിൽ കുറിക്കുന്നു.

“ഒരു മാസം ശ്രമിച്ചാൽ പ്രധാനമന്ത്രിയുടെ അപ്പോയിന്റ്മെന്റ് വരെ കിട്ടുന്ന നമ്മുടെ രാജ്യത്ത്… എന്തായാലും ഷറഫേ, നീ ഫ്രീയാകുമ്പോൾ ഒന്ന് വിളിക്ക്. കഥ പറയാനാണ്, അല്ലാതെ കല്യാണം വിളിക്കാനല്ല!” എന്ന കുറപ്പോടെയാണ് ഒമർ ലുലു തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Also read: