’29 മാസമായി തിരിഞ്ഞുനോക്കിയില്ല, ഇനിയുമെത്ര ജീവൻ ബലി നൽകണം?’; മണിപ്പൂർ സംഘർഷത്തിൽ മോദിയോടും അമിത് ഷായോടും ചോദ്യങ്ങളുമായി ഖാർഗെ
നരേന്ദ്ര മോദി, മല്ലികാര്ജുന് ഖാര്ഗെ
ന്യൂഡൽഹി: മണിപ്പൂരിൽ വീണ്ടും പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിലും നാല് നിരപരാധികൾ കൊല്ലപ്പെട്ടതിലും ബി.ജെ.പിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ്. തന്ത്രപ്രധാനമായ അതിർത്തി സംസ്ഥാനത്ത് തുടരുന്ന രക്തച്ചൊരിച്ചിൽ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിലും ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിലും ബി.ജെ.പി നേരിട്ട വൻ പരാജയത്തിന്റെ തെളിവാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നടപടിയെടുക്കാൻ ഇനിയും എത്ര നിരപരാധികളുടെ ജീവനുകൾ ബലിയർപ്പിക്കണമെന്നും ഖാർഗെ ചോദിച്ചു. വിഷയത്തിൽ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നേരെ അദ്ദേഹം മൂന്ന് ചോദ്യങ്ങളും ഉന്നയിച്ചു.
മണിപ്പൂരിലെ ദുരന്തത്തിന് ഉത്തരവാദി ബി.ജെ.പിയുടെ രാഷ്ട്രീയ നാടകങ്ങളാണെന്ന് ഖാർഗെ ‘എക്സി’ൽ കുറിച്ചു:
“ബി.ജെ.പിയുടെ പിടിപ്പുകേട് കാരണം മണിപ്പൂർ വീണ്ടും ചോരയൊഴുക്കുകയാണ്! ഏറ്റവും പുതിയ അക്രമത്തിൽ നാല് നിരപരാധികൾ ക്രൂരമായി കൊല്ലപ്പെട്ട സംഭവം അത്യന്തം അപലപനീയമാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സാധാരണക്കാരാണ് ഈ നീണ്ട ദുരന്തത്തിന്റെ ഭാരം പേറുന്നത്.
രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് മുതൽ മുഖ്യമന്ത്രിയെ മാറ്റുന്നതിലും വീണ്ടും സ്വന്തം സർക്കാർ സ്ഥാപിക്കുന്നതിലും വരെ നീണ്ട ബി.ജെ.പിയുടെ രാഷ്ട്രീയ കുതന്ത്രങ്ങൾക്കൊന്നും അവിടെ സമാധാനം കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. കലാപം പൊട്ടിപ്പുറപ്പെട്ട് 29 മാസമായിട്ടും മണിപ്പൂരിലേക്ക് ഒരുതവണ പോലും തിരിഞ്ഞുനോക്കാത്ത പ്രധാനമന്ത്രി മോദി പാർലമെന്റിൽ നൽകിയ ഉറപ്പുകൾ ദയനീയമായി പരാജയപ്പെട്ടു.”
മോദിയും അമിത് ഷായും ഉത്തരം പറയേണ്ട 3 ചോദ്യങ്ങൾ
കേന്ദ്ര ഭരണകൂടത്തോട് മൂന്ന് നിർണായക ചോദ്യങ്ങളാണ് കോൺഗ്രസ് അധ്യക്ഷൻ ഉന്നയിച്ചത്:
സമാധാന സമിതിക്ക് എന്ത് സംഭവിച്ചു?: 2023 ജൂണിൽ ആഭ്യന്തര മന്ത്രി അമിത് ഷാ രൂപീകരിച്ച ‘പീസ് കമ്മിറ്റി’ക്ക് പിന്നീട് എന്ത് സംഭവിച്ചു? ഈ അതിർത്തി സംസ്ഥാനത്ത് സുരക്ഷാ വെല്ലുവിളികൾ പരിഹരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും എന്ത് പ്രായോഗിക നടപടികളാണ് സ്വീകരിച്ചത്?
ജസ്റ്റിസ് ഗീത മിത്തൽ കമ്മിറ്റി റിപ്പോർട്ട്: ദുരിതബാധിതർക്കായി സുപ്രീംകോടതി നിയോഗിച്ച മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീത മിത്തൽ കമ്മിറ്റിയുടെ ശുപാർശകളിൽ സർക്കാർ എന്ത് നടപടിയെടുത്തു?
പുനരധിവാസവും ക്യാമ്പ് മരണങ്ങളും: ദുരിതാശ്വാസ ക്യാമ്പുകളിൽ 31 അസ്വാഭാവിക മരണങ്ങൾ നടന്നതായി സുപ്രീംകോടതി ചൂണ്ടിക്കാണിച്ചിട്ടും എന്തുകൊണ്ടാണ് ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും അവിടെത്തന്നെ നരകിക്കുന്നത്? സ്ത്രീകളുടെയും കുട്ടികളുടെയും അന്തസ്സും സുരക്ഷയും പുനരധിവാസവും ഉറപ്പാക്കാൻ സർക്കാർ എന്ത് ചെയ്തു?
മൂന്ന് വർഷത്തിലധികമായി 300-ലധികം ജീവനുകൾ നഷ്ടപ്പെട്ട ഈ ഭരണ പരാജയത്തിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്ന് ചോദിച്ച ഖാർഗെ, തന്ത്രപ്രധാനമായ ഒരു അതിർത്തി സംസ്ഥാനത്തിന്റെ സ്ഥിരത ബി.ജെ.പിയുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് പണയം വെക്കാനാവില്ലെന്നും വ്യക്തമാക്കി.
2023 മെയ് മാസത്തിൽ താഴ്വരയിലെ മെയ്തെയ് വിഭാഗവും മലനിരകളിലെ കുക്കി വിഭാഗവും തമ്മിൽ ആരംഭിച്ച വംശീയ സംഘർഷത്തിൽ ഇതുവരെ 306-ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും 49 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. 24,530-ലധികം പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. അടുത്ത മാസങ്ങളിൽ കുക്കി-നാഗ വിഭാഗങ്ങൾക്കിടയിലും സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.