22/10/2026
[fontresizer_tawhidurrahmandear_widget]

ഇസ്രയേൽ സ്വാതന്ത്ര്യദിനത്തിലേക്ക് പ്രധാനമന്ത്രി മോദിക്കും ക്യാപ്റ്റൻ സ്മിത് മച്ചാറിനും നെതന്യാഹുവിന്റെ ക്ഷണം

 ഇസ്രയേൽ സ്വാതന്ത്ര്യദിനത്തിലേക്ക് പ്രധാനമന്ത്രി മോദിക്കും ക്യാപ്റ്റൻ സ്മിത് മച്ചാറിനും നെതന്യാഹുവിന്റെ ക്ഷണം

തെൽ അവീവ്: ഇസ്രയേലിന്റെ സ്വാതന്ത്ര്യദിന ചടങ്ങിൽ ദീപം തെളിയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിനെയും ക്ഷണിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പ്രധാനമന്ത്രി മോദിയുമായി ഫോണിൽ നടത്തിയ സംഭാഷണത്തിലാണ് നെതന്യാഹു ഇരുവരെയും മെയ് 14-ന് നടക്കുന്ന ‘യോം ഹാറ്റ്സ്മൗത്ത്’ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണിച്ചത്.

കഴിഞ്ഞ സെപ്റ്റംബറിൽ ദുബൈയിൽ നിന്ന് തെൽ അവീവിലേക്ക് പോയ വിമാനത്തിൽ, ഒമാനി സഹപൈലറ്റിന്റെ ആക്രമണം തടഞ്ഞ് വൻ വ്യോമയാന ദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റാണ് സ്മിത് മച്ചാർ. സ്മിത്തിനെ “ലോകത്തിന്റെ നായകൻ” എന്ന് വിശേഷിപ്പിച്ച നെതന്യാഹു, ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ നൽകുന്ന ഐക്യദാർഢ്യത്തിനും ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിനും നന്ദി അറിയിച്ചു.

നെതന്യാഹുവുമായി സംസാരിച്ച വിവരം പ്രധാനമന്ത്രി മോദിയും പങ്കുവെച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം ഗസ്സ, ഇറാൻ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ മേഖലയിലെ നിലവിലെ സംഘർഷങ്ങളും സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ഫെബ്രുവരിയിൽ മോദി ഇസ്രയേൽ സന്ദർശിച്ചപ്പോൾ ഇരുരാജ്യങ്ങളും തമ്മിൽ പ്രത്യേക തന്ത്രപരമായ പങ്കാളിത്തത്തിന് തുടക്കമിട്ടിരുന്നു. മിഡിൽ ഈസ്റ്റിലെ സമാധാനം ഇന്ത്യയുടെ സുരക്ഷാ താൽപ്പര്യങ്ങൾക്ക് അത്യാവശ്യമാണെന്നും ഗസ്സ സമാധാന ശ്രമങ്ങൾക്ക് ഇന്ത്യയുടെ പൂർണ പിന്തുണയുണ്ടെന്നും മോദി വ്യക്തമാക്കിയിട്ടുണ്ട്.

Also read: