യുപി എസ്ഐആറിൽ വീണ്ടും പിഴവ്: അസംഗഢ് മണ്ഡലത്തിൽ ഒരാളുടെ പേര് 10 തവണ; 5 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി
ലഖ്നൗ: ഉത്തർപ്രദേശിലെ അസംഘഡ് മണ്ഡലത്തിലെ വോട്ടർപട്ടികയിൽ ഒരാളുടെ പേര് പത്ത് തവണ കടന്നുകൂടിയ സംഭവത്തിൽ അഞ്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസ് നടപടികൾ തുടങ്ങി. നിയമപ്രകാരം തുടർനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
ഒക്ടോബർ 15-ന് സമാജ്വാദി പാർട്ടി ഉന്നയിച്ച ഗുരുതര ആരോപണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വോട്ടർപട്ടികയിലെ ഈ ക്രമക്കേട് പുറത്തുവന്നത്. അസംഘഡ് മണ്ഡലത്തിൽ ‘വികാസ് യാദവ്’ എന്ന പേരിൽ 13 എൻട്രികൾ അന്വേഷണസംഘം കണ്ടെത്തിയെങ്കിലും ഇതിൽ രണ്ടെണ്ണം മുൻപ് തന്നെ നീക്കം ചെയ്തിരുന്നു. ബാക്കിയുള്ളവയിൽ ഒന്ന് ഗോരഖ്പൂർ സ്വദേശിയായ മറ്റൊരു വ്യക്തിയുടേതാണെന്നും, മറ്റ് 11 എൻട്രികളും ജില്ലയിലെ വിവിധ ഗ്രാമങ്ങളിലായി ജീവിക്കുന്ന വ്യത്യസ്ത വ്യക്തികളുടേതാണെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. നിലവിൽ യഥാർത്ഥ വോട്ടർ ഒഴികെയുള്ളവരുടെ വിവരങ്ങൾ തിരുത്താനായി ‘ഫോം 8’ അപേക്ഷ നൽകിയിട്ടുണ്ട്.
വോട്ടർപട്ടിക തയ്യാറാക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ അന്നത്തെ ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസർ, രണ്ട് അസിസ്റ്റന്റ് ഇ.ആർ.ഒമാർ എന്നിവർക്കെതിരെ വകുപ്പുതല നടപടിയുടെ ഭാഗമായി ചാർജ് ഷീറ്റ് നൽകാനും കമ്പ്യൂട്ടർ അസിസ്റ്റന്റ്, ബി.എൽ.ഒ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കാനും സി.ഇ.ഒ ഉത്തരവിട്ടു. ഇതിന് പുറമെ ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലെയും വോട്ടർപട്ടിക സമഗ്രമായി പരിശോധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ഇലക്ഷൻ ഓഫീസർക്ക് കർശന നിർദേശവും നൽകിയിട്ടുണ്ട്.