25/10/2026
[fontresizer_tawhidurrahmandear_widget]

‘സോഷ്യൽ മീഡിയ ബന്ധങ്ങൾ പോലും തകർക്കും, ഇൻസ്റ്റഗ്രാമിനോട് വിട’; ഫോർട്ട് കൊച്ചി വിവാദത്തിന് പിന്നാലെ ദിയ കൃഷ്ണ

 ‘സോഷ്യൽ മീഡിയ ബന്ധങ്ങൾ പോലും തകർക്കും, ഇൻസ്റ്റഗ്രാമിനോട് വിട’; ഫോർട്ട് കൊച്ചി വിവാദത്തിന് പിന്നാലെ ദിയ കൃഷ്ണ

കൊച്ചി: ഫോർട്ട് കൊച്ചിയെക്കുറിച്ചും മുസ്‌ലിം വിഭാഗത്തെക്കുറിച്ചും വിദ്വേഷ പ്രചാരണം നടത്തിയ വീഡിയോയെ അനുകൂലിച്ച് കമന്റിട്ടതിലെ വിവാദങ്ങൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുക്കാൻ ദിയ കൃഷ്ണ. സൈബർ ആക്രമണങ്ങൾ കടുത്തതോടെയാണ് താൻ കുറച്ചുകാലത്തേക്ക് ഇൻസ്റ്റഗ്രാമിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് ദിയ പ്രഖ്യാപിച്ചത്. ഒരാൾ എത്രത്തോളം സത്യസന്ധനും നല്ല മനസ്സുള്ളവനുമാണെങ്കിലും, ചിലർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ സോഷ്യൽ മീഡിയയിലൂടെ അവരെ പൂർണ്ണമായി തകർത്തുകളയാൻ സാധിക്കുമെന്ന് താൻ തിരിച്ചറിഞ്ഞതായി ദിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

ഇത്തരം വ്യാജപ്രചാരണങ്ങൾ ബന്ധങ്ങൾ പോലും തകർത്തേക്കാമെന്നും, ഈ നെഗറ്റിവിറ്റിയിൽ നിന്ന് മനസ്സിനെ മോചിപ്പിക്കാൻ കുറച്ചുകാലം മാറിനിൽക്കുകയാണെന്നും വ്യക്തമാക്കിയ അവർ, ഇതുവരെ സ്നേഹിച്ചവർക്കെല്ലാം നന്ദി പറഞ്ഞുകൊണ്ടാണ് ഇൻസ്റ്റഗ്രാമിനോട് വിടപറയുന്നത്.

‘ലിറ്റി ചോക്ക യുപി’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അമൃത് സിങ് ഡാരൻ എന്ന യൂട്യൂബർ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ‘സാഡ് റിയാലിറ്റി’ എന്ന് ദിയ കമന്റ് ചെയ്തതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഈ കമന്റിന്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചതോടെ ദിയക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണം ഉണ്ടായി. ഇതിന് പിന്നാലെ ആദ്യം മാധ്യമങ്ങളെ കുറ്റപ്പെടുത്തി രംഗത്തെത്തിയ ദിയ, പിന്നീട് മറ്റൊരു വീഡിയോയിലൂടെ പരസ്യമായി മാപ്പ് ചോദിച്ചിരുന്നു. വിദ്വേഷ വീഡിയോയുടെ ആദ്യഭാഗം മാത്രം കണ്ടാണ് താൻ പ്രതികരിച്ചതെന്നും, മുസ്‌ലിംകളെ അപമാനിക്കുന്ന രണ്ടാം ഭാഗം കണ്ടിരുന്നില്ലെന്നുമായിരുന്നു അവരുടെ വിശദീകരണം.

ഫോർട്ട് കൊച്ചിയിൽ 95 ശതമാനവും മുസ്‌ലിംകളാണെന്നും, അവിടെയുള്ള മറ്റുള്ളവർ ഭയന്നാണ് ജീവിക്കുന്നതെന്നും അമൃത് സിങ് ഡാരൻ തന്റെ വീഡിയോയിൽ ആരോപിച്ചിരുന്നു. ഇതിന് പുറമെ ഇസ്‌ലാം മതം പ്രചരിപ്പിക്കാൻ കേരള സർക്കാർ ഗൾഫ് രാജ്യങ്ങളിൽ നിന്ന് പണം കൈപ്പറ്റുന്നുണ്ടെന്നും, കാശി ആർട്ട് കഫേയിൽ മുഴുവൻ ബീഫ് വിഭവങ്ങളാണെന്നും ഇയാൾ വ്യാജപ്രചാരണം നടത്തി. അതിനിടെ, വിവിധ മതവിഭാഗങ്ങൾക്കിടയിൽ തെറ്റിദ്ധാരണയും വിദ്വേഷവും വളർത്താനും കലാപമുണ്ടാക്കാനും ശ്രമിച്ചെന്ന പരാതിയിൽ ഈ യൂട്യൂബർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Also read: