26/10/2026
[fontresizer_tawhidurrahmandear_widget]

‘ഒരാൾ പറയുന്നതിന് കുടുംബത്തെ മുഴുവൻ വലിച്ചിഴക്കുന്നത് എന്തിനാണ്?, പുരോഗമനം പറയുന്നവർ എന്റെ വിവാഹത്തെപ്പോലും വിവാദമാക്കുന്നു’; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി അഹാന കൃഷ്ണ

 ‘ഒരാൾ പറയുന്നതിന് കുടുംബത്തെ മുഴുവൻ വലിച്ചിഴക്കുന്നത് എന്തിനാണ്?, പുരോഗമനം പറയുന്നവർ എന്റെ വിവാഹത്തെപ്പോലും വിവാദമാക്കുന്നു’; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി അഹാന കൃഷ്ണ

കൊച്ചി: തന്റെ കുടുംബാംഗങ്ങൾക്കെതിരെ നിരന്തരമുണ്ടാകുന്ന വിവാദങ്ങളിലും സൈബർ ആക്രമണങ്ങളിലും പ്രതികരണവുമായി നടി അഹാന കൃഷ്ണ. താനോ തന്റെ അച്ഛനോ അമ്മയോ സഹോദരിമാരോ പറയുന്ന കാര്യങ്ങളിൽ വിയോജിപ്പുണ്ടെങ്കിൽ അവരോട് നേരിട്ട് ചോദിക്കണമെന്നും, ഒരാളുടെ അഭിപ്രായത്തിന്റെ പേരിൽ കുടുംബത്തെ മുഴുവൻ വലിച്ചിഴക്കേണ്ട കാര്യമില്ലെന്നും അഹാന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. സഹോദരി ദിയ കൃഷ്ണയുമായി ബന്ധപ്പെട്ട് ഫോർട്ട് കൊച്ചി വീഡിയോ വിവാദം കൊടുമ്പിരികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അഹാനയുടെ ഈ പ്രതികരണം.

“ഇതൊരുപാട് കാലമായി പറയണമെന്ന് വിചാരിച്ച കാര്യമാണ്. ഞാൻ പറഞ്ഞതോ ചെയ്തതോ ആയ കാര്യങ്ങളിലാണ് നിങ്ങൾക്ക് പ്രശ്നമെങ്കിൽ എന്നോട് ചോദിക്കുക. അതെന്റെ അച്ഛൻ പറഞ്ഞ കാര്യത്തിലാണെങ്കിൽ അദ്ദേഹത്തോട് ചോദിക്കുക. ഇനി എന്റെ അമ്മയോ സഹോദരിമാരോ പറഞ്ഞ കാര്യങ്ങളാണെങ്കിൽ അവരോട് ചോദിക്കുക. ഞങ്ങൾ ആറുപേരടങ്ങുന്ന വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ഒരു കുടുംബമായിരിക്കാം. എന്നാൽ സ്വന്തമായി ചിന്തകളും വ്യത്യസ്തമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളുമുള്ള ആറ് വ്യക്തികളാണ് ഞങ്ങൾ,” അഹാന കുറിച്ചു.

ഒരു കുടുംബമായതുകൊണ്ട് എല്ലാവർക്കും ഒരേ അഭിപ്രായമായിരിക്കണമെന്നില്ലെന്നും, ഒരാളുടെ വാക്കുകൾക്കും പ്രവൃത്തികൾക്കും മറ്റുള്ളവർ ഉത്തരവാദികളല്ലെന്നും അഹാന കൂട്ടിച്ചേർത്തു. വ്യക്തിസ്വാതന്ത്ര്യം എന്നത് തങ്ങളുടെ കുടുംബത്തിന്റെ ഐക്യത്തെ ബാധിക്കില്ലെന്നും എന്ത് സാഹചര്യമുണ്ടായാലും പരസ്പരം പിന്തുണച്ച് കൂടെ നിൽക്കുമെന്നും അവർ പറഞ്ഞു. പുരോഗമനവും യുക്തിയും സംസാരിക്കുന്നവർ യാതൊരു ബന്ധവുമില്ലാത്ത വിഷയങ്ങളിലേക്ക് തന്റെ വിവാഹത്തെപ്പോലും വലിച്ചിഴക്കുന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് അഹാന പറഞ്ഞു

“ഞങ്ങളെല്ലാവരും അറിയപ്പെടുന്ന വ്യക്തികളായതിനാൽ തന്നെ ഞങ്ങൾ പറയുന്ന കാര്യങ്ങൾ എല്ലാവർക്കും ഇഷ്ടപ്പെട്ടെന്ന് വരില്ല. വിമർശനങ്ങളും വിയോജിപ്പുകളും സ്വാഭാവികമാണ്. എന്നാൽ ഒരാളോടുള്ള പ്രശ്നം എന്തിനാണ് കുടുംബത്തെ മുഴുവൻ വലിച്ചിഴക്കാനുള്ള അവസരമാക്കി മാറ്റുന്നത്? ഒരാളുടെ അഭിപ്രായം എങ്ങനെയാണ് ഒരു കുടുംബത്തിന്റെ മുഴുവൻ ആശയമാകുന്നത്? കൂടുതൽ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനാണോ ഇത്തരം വിഷയങ്ങളിലേക്ക് കുടുംബാംഗങ്ങളുടെ പേരുകൾ വലിച്ചിഴയ്ക്കുന്നതെന്ന് എനിക്ക് ചിലപ്പോൾ തോന്നാറുണ്ട്,” അഹാന വ്യക്തമാക്കി.

അച്ഛൻ കൃഷ്ണകുമാറിന്റെ രാഷ്ട്രീയ നിലപാടുകളുടെ പേരിലും സഹോദരിമാരുടെ അഭിപ്രായപ്രകടനങ്ങളുടെ പേരിലും അഹാനയുടെ സോഷ്യൽ മീഡിയ പേജുകളിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ നടക്കാറുണ്ട്. ഇതിനെല്ലാമുള്ള ഒരു മറുപടിയായാണ് പുതിയ കുറിപ്പിനെ വിലയിരുത്തുന്നത്.

Also read: