26/10/2026
[fontresizer_tawhidurrahmandear_widget]

മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് ഗുഡ്ഖ ചവച്ചുതുപ്പിയത് 11 കെവി ലൈനിലേക്ക്; ഷോക്കേറ്റ് 65-കാരന് ദാരുണാന്ത്യം

 മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് ഗുഡ്ഖ ചവച്ചുതുപ്പിയത് 11 കെവി ലൈനിലേക്ക്; ഷോക്കേറ്റ് 65-കാരന് ദാരുണാന്ത്യം

ഭോപ്പാൽ: മധ്യപ്രദേശിലെ വിദിഷ ജില്ലയിലുള്ള ഗഞ്ച്ബാസോദയിൽ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് ഗുഡ്ഖ തുപ്പിയ 65-കാരന് 11 കെവി വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ദാരുണാന്ത്യം. ഗായത്രി നഗറിലെ വാടകവീട്ടിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. ഛത്തർപൂർ സ്വദേശിയായ പ്രഭുലാൽ ഗുപ്ത എന്ന മേസ്തിരിയാണ് മരിച്ചത്. കഴിഞ്ഞ പത്ത് വർഷമായി ഇദ്ദേഹം ഈ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.

ബാൽക്കണിയിൽ നിൽക്കുകയായിരുന്ന ഇദ്ദേഹം ഗുഡ്ഖ ചവച്ചതിന് ശേഷം താഴേക്ക് തുപ്പുകയായിരുന്നു. ഈ തുപ്പൽ സമീപത്തുകൂടി കടന്നുപോകുന്ന 11 കെ.വി വൈദ്യുതി ലൈനിൽ പതിച്ചതോടെയാണ് ഷോക്കേറ്റതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഷോക്കേറ്റതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹം മരണപ്പെടുകയായിരുന്നു. ഉമിനീരിൽ അടങ്ങിയിരിക്കുന്ന ജലാംശവും ലവണങ്ങളും വൈദ്യുതി കടത്തിവിടാൻ സഹായിക്കുന്നതാണെന്ന് ഇലക്ട്രിക്കൽ വിദഗ്ധർ വ്യക്തമാക്കി. തുടർച്ചയായ ഒരു ധാരയായി തുപ്പൽ വൈദ്യുതി ലൈനിൽ പതിച്ചാൽ അതിലൂടെ ഷോക്കേൽക്കാൻ സാധ്യതയുണ്ട്. കൂടാതെ, ബാൽക്കണിയിൽ നിന്ന് ഹൈടെൻഷൻ ലൈനിലേക്കുള്ള ദൂരം വളരെ കുറവായതിനാൽ വായുവിലൂടെ തന്നെ വൈദ്യുതി പ്രവഹിക്കാൻ ഇത് കാരണമായിട്ടുണ്ടാകാമെന്നും ശരീരത്തിലൂടെ വൈദ്യുതി കടന്നുപോയാൽ ഗുരുതരമായ പൊള്ളലോ മരണമോ സംഭവിക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, വീടുകൾക്ക് തൊട്ടരികിലൂടെ അപകടകരമായ രീതിയിൽ കടന്നുപോകുന്ന ഹൈടെൻഷൻ വയറുകളെക്കുറിച്ച് നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ അവഗണിച്ചതാണ് ദാരുണമായ ഈ അപകടത്തിന് കാരണമായതെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. പ്രദേശത്തെ വൈദ്യുതി പോസ്റ്റുകളും വയറുകളും ട്രാൻസ്ഫോർമറുകളുമെല്ലാം വളരെ ശോചനീയാവസ്ഥയിലാണെന്ന് പ്രഭുലാൽ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമകളിൽ ഒരാൾ പറഞ്ഞു. വീടിന് സമീപത്തുകൂടി പോകുന്ന ഈ 11 കെ.വി ലൈൻ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് താൻ പലതവണ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നതായി വീട്ടുടമയായ പത്മ ചിധർ ആരോപിച്ചു. ലൈൻ മാറ്റാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Also read: