തെൽ അവീവിൽ ആണവസ്ഫോടനം നടക്കുന്നത് പോലുള്ള എഐ ചിത്രം പങ്കുവെച്ച് നെതന്യാഹു; ലക്ഷ്യം വോട്ടർമാരെ ഭയപ്പെടുത്തലെന്ന് പ്രതിപക്ഷം
തെൽ അവീവ്: ഇസ്രയേൽ നഗരമായ തെൽ അവീവിൽ ആണവസ്ഫോടനം നടന്ന രീതിയിലുള്ള എഐ നിർമിത ചിത്രം സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ചൊവ്വാഴ്ച ഇസ്രയേലിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നെതന്യാഹുവിന്റെ ഈ നടപടി. ജനസാന്ദ്രതയേറിയ നഗരത്തിൽ ആണവസ്ഫോടനത്തെ തുടർന്ന് അഗ്നിഗോളങ്ങളും പുകപടലങ്ങളും ഉയരുന്നതാണ് ചിത്രത്തിലുള്ളത്. എന്നാൽ വോട്ടർമാരെ ഭീതിയിലാഴ്ത്താനാണ് നെതന്യാഹു ഇത്തരമൊരു ചിത്രം പങ്കുവെച്ചതെന്ന ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.
ചിത്രത്തിനൊപ്പം ഇസ്രയേലി എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ യുവാൽ ബ്ലൂംബെർഗിന്റെ ദീർഘമായ ഒരു പ്രസ്താവനയും നെതന്യാഹു നൽകിയിട്ടുണ്ട്. ഇസ്രയേൽ നേരിടുന്നത് യഥാർഥത്തിലുള്ള അസ്തിത്വഭീഷണിയാണെന്നും, ഇറാൻ ആണവായുധം സ്വന്തമാക്കിയാൽ പിന്നീട് ഒന്നും പഴയതുപോലെ ആകില്ലെന്നും കുറിപ്പിൽ പറയുന്നു. ഇറാനും ഷിയാ അച്ചുതണ്ടും ഉയർത്തുന്ന ഭീഷണിയുമായി താരതമ്യം ചെയ്യുമ്പോൾ മറ്റെല്ലാ കാര്യങ്ങളും നിസ്സാരമാണ്. ഇറാനിലെ ദൗത്യം പൂർത്തീകരിക്കുക എന്ന പ്രധാന കാര്യത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇടയ്ക്കിടെ കെട്ടിച്ചമച്ച വിവാദങ്ങൾ ഉണ്ടാക്കുന്നത്. ഇവിടെ ജീവിക്കുന്ന ഓരോ വ്യക്തിയുടെയും നിലനിൽപ്പിനെ നേരിട്ട് ബാധിക്കുന്ന വിഷയമാണിതെന്നും യുവാൽ ബ്ലൂംബെർഗ് വ്യക്തമാക്കുന്നു.
ഇറാനിലെ ദൗത്യം പൂർത്തിയാക്കാൻ ഡൊണാൾഡ് ട്രംപിന്റെ രണ്ട് വർഷം കൂടി നമ്മുടെ മുന്നിലുണ്ടെന്നും, അതിനുശേഷം കമല ഹാരിസോ മറ്റേതെങ്കിലും ശരാശരി നിലവാരത്തിലുള്ള വ്യക്തിയോ അധികാരത്തിൽ വരുമോ എന്ന് പറയാനാകില്ലെന്നും കുറിപ്പിൽ പറയുന്നു. വരും വർഷങ്ങളിൽ നമ്മുടെ നിലനിൽപ്പ് ഉറപ്പാക്കാൻ അവശേഷിക്കുന്ന സമയമാണിത്. ഇതിനായി ഭരണകൂടത്തിന്റെ മുഴുവൻ വിഭവങ്ങളും വിനിയോഗിക്കണം. നമ്മുടെ തലമുറ നേരിടുന്ന ഈ ചരിത്രപരമായ അവസരം നഷ്ടപ്പെടുത്തിയാൽ ഭാവിതലമുറ നമ്മോട് ക്ഷമിക്കില്ലെന്നും പോസ്റ്റിലുണ്ട്.
മുസ്ലിം ബ്രദർഹുഡിന്റെയും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരുടെയും സമ്മർദത്തിന് വഴങ്ങുന്ന ഒരു പ്രധാനമന്ത്രിയെക്കൊണ്ട് ഈ ദൗത്യം സാധ്യമാകില്ല. ട്രംപിനെ ഫോണിൽ വിളിച്ച് ആശയവിനിമയം നടത്താൻ കഴിയാത്ത, ഒരു ടെലിവിഷൻ അഭിമുഖത്തിലെ സമ്മർദം പോലും അതിജീവിക്കാൻ കഴിയാത്ത ഒരു പ്രധാനമന്ത്രിയെക്കൊണ്ടും ഇത് സാധ്യമാകില്ല. നെതന്യാഹുവിനോടുള്ള വെറുപ്പ് ഒരു വിഭാഗത്തെ പൂർണമായും കീഴടക്കിയിട്ടുണ്ടെങ്കിലും, ആ വെറുപ്പ് ഇറാൻ ആണവഭീഷണിയെ നേരിടാൻ സഹായിക്കില്ലെന്നും അദ്ദേഹം കുറിച്ചു. അതേസമയം, തെരഞ്ഞെടുപ്പ് അടുത്തതോടെ നെതന്യാഹുവിന് നിയന്ത്രണം നഷ്ടപ്പെട്ടുവെന്നാണ് ഇതിനോട് ഡെമോക്രാറ്റ്സ് പാർട്ടി ചെയർമാൻ യെയിർ ഗോലൻ വിമർശിച്ചത്.