‘അസാമാന്യ ധീരതയ്ക്ക് എന്റെ സല്യൂട്ട്; 174 ജീവനുകൾ രക്ഷിച്ച യഥാർത്ഥ ഹീറോ’; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ പ്രശംസിച്ച് നെതന്യാഹു
ടെൽ അവീവ്: ഫ്ലൈ ദുബൈ വിമാനത്തിലെ ആക്രമണം ചെറുത്ത ഇന്ത്യൻ പൈലറ്റിനെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ക്യാപ്റ്റൻ സ്മിത് മച്ചാർ ട്രൂ ഹീറോ ആണെന്ന് നെതന്യാഹു പറഞ്ഞു.
എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ബെഞ്ചമിൻ നെതന്യാഹു പൈലറ്റിനെ പ്രശംസിച്ചത്. “ഇന്ത്യൻ പൈലറ്റായ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ അസാമാന്യ ധീരതയ്ക്ക് എന്റെ സല്യൂട്ട്. കുത്തേറ്റു ഗുരുതരമായി പരിക്കേറ്റിട്ടും അദ്ദേഹം തിരിച്ചടിക്കുകയും പ്രതിരോധിക്കുകയും കോക്പിറ്റ് വാതിൽ തുറന്നു നൽകി യാത്രക്കാർക്കും ജീവനക്കാർക്കും അക്രമിയെ കീഴ്പ്പെടുത്താൻ അവസരമൊരുക്കുകയും ചെയ്തു. ഇതിലൂടെ വൻ ആകാശ ദുരന്തമാണ് ഒഴിവായത്,” എന്ന് നെതന്യാഹു എക്സിൽ കുറിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സ്മിത് മച്ചാറിന് വേഗത്തിലുള്ള സൗഖ്യം ആശംസിച്ച അദ്ദേഹം, ക്യാപ്റ്റൻ യഥാർത്ഥ ഹീറോ ആണെന്നും കൂട്ടിച്ചേർത്തു.
ദുബൈയിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈ ദുബൈ വിമാനത്തിൽ സഹപൈലറ്റിന്റെ അക്രമത്തെ ധീരമായി നേരിട്ട് 174 ജീവനുകളാണ് ഇന്ത്യൻ പൈലറ്റ് രക്ഷിച്ചത്. പറന്നുയർന്ന വിമാനത്തിന്റെ കോക്പിറ്റിൽ വെച്ച് ഒമാനി സ്വദേശിയായ സഹപൈലറ്റിൽ നിന്നും ക്യാപ്റ്റൻ സ്മിത് മച്ചാറിന് മാരകമായ രീതിയിൽ കുത്തേറ്റു.
ഗുരുതരമായി പരിക്കേറ്റിട്ടും അദ്ദേഹം അക്രമിയെ ശക്തമായി ചെറുക്കുകയും, കോക്പിറ്റിന്റെ വാതിൽ തുറന്ന് നൽകി വിമാന ജീവനക്കാർക്കും യാത്രക്കാർക്കും അക്രമിയെ കീഴ്പ്പെടുത്താൻ അവസരമൊരുക്കുകയും ചെയ്തു.
പൈലറ്റിന്റെ ഈ സമയോചിതമായ ഇടപെടൽ കാരണം ഇസ്രായേൽ പൗരന്മാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 174 യാത്രക്കാരുടെ ജീവനാണ് രക്ഷപെട്ടത്. വലിയൊരു ആകാശ ദുരന്തമാണ് ഇതിലൂടെ ഒഴിവായത്. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കുകയായിരുന്നു.