26/10/2026
[fontresizer_tawhidurrahmandear_widget]

അമിത് ഷാക്കെതിരായ അപകീർത്തിക്കേസ്: രാഹുൽ ഗാന്ധി കുറ്റവിമുക്തൻ

 അമിത് ഷാക്കെതിരായ അപകീർത്തിക്കേസ്: രാഹുൽ ഗാന്ധി കുറ്റവിമുക്തൻ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെക്കുറിച്ച് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയെ കുറ്റവിമുക്തനാക്കി. ഉത്തർപ്രദേശിലെ സുൽത്താൻപുരിലെ എം.പി./എം.എൽ.എ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. വിധി കേൾക്കാൻ രാഹുൽ ഗാന്ധി കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ച് അപകീർത്തിപ്പെടുത്തിയെന്നായിരുന്നു രാഹുൽ ഗാന്ധിക്കെതിരായ പരാതി. എന്നാൽ, രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ അപകീർത്തികരമായി ഒന്നുമില്ലെന്ന് വിധി പ്രസ്താവിച്ച അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശുഭം വർമ നിരീക്ഷിച്ചു.

2018-ൽ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനിടെ നടത്തിയ വാർത്താസമ്മേളനത്തിലെ പരാമർശമാണ് കേസിനാധാരം. അന്ന് ബി.ജെ.പി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷായെക്കുറിച്ച്, കൊലക്കുറ്റം ആരോപിക്കപ്പെട്ട ഒരാൾ ബി.ജെ.പിയുടെ തലപ്പത്തിരിക്കുന്നുവെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസുമായി ബന്ധപ്പെട്ടായിരുന്നു ഈ പ്രതികരണം. സംഭവത്തിൽ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന വിജയ് മിശ്ര നൽകിയ പരാതിയിലാണ് സുൽത്താൻപുരിലെ പ്രത്യേക കോടതി കേസെടുത്തത്.

Also read: