22/10/2026
[fontresizer_tawhidurrahmandear_widget]

‘ജയിച്ചാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നല്ലത്, കോടതിവിധി അനുകൂലമായാൽ കോടതിയും നല്ലത്’; കോൺഗ്രസിന്റെ ഇരട്ടത്താപ്പ് ജനം തിരിച്ചറിഞ്ഞെന്ന് അമിത് ഷാ

 ‘ജയിച്ചാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നല്ലത്, കോടതിവിധി അനുകൂലമായാൽ കോടതിയും നല്ലത്’; കോൺഗ്രസിന്റെ ഇരട്ടത്താപ്പ് ജനം തിരിച്ചറിഞ്ഞെന്ന് അമിത് ഷാ

ന്യൂഡൽഹി: കോൺഗ്രസ് പിന്തുടരുന്നത് നെഗറ്റീവ് രാഷ്ട്രീയമാണെന്നും ഈ നിലപാടുമായി മുന്നോട്ട് പോയാൽ അടുത്ത 30 വർഷത്തേക്കെങ്കിലും പാർട്ടിക്ക് അധികാരത്തിൽ തിരിച്ചെത്താൻ കഴിയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേരളം, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ജയിച്ചപ്പോൾ കോൺഗ്രസിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളോടും (ഇ.വി.എം) തെരഞ്ഞെടുപ്പ് കമ്മീഷനോടും യാതൊരു പരാതിയുമില്ലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡൽഹിയിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അടുത്തിടെ കേരളത്തിൽ തെരഞ്ഞെടുപ്പ് നടന്നു. അവിടുത്തെ വോട്ടർപട്ടികയും തെരഞ്ഞെടുപ്പ് കമ്മീഷണറും ഇ.വി.എമ്മുകളും ഇതൊക്കെത്തന്നെയായിരുന്നു. നിങ്ങൾ അവിടെ സത്യപ്രതിജ്ഞ ചെയ്തില്ലേ? നിങ്ങൾ ജയിച്ചതുകൊണ്ട് അവിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ നല്ലതായിരുന്നു,” അമിത് ഷാ പറഞ്ഞു. എന്നാൽ പരാജയപ്പെടുന്ന ഇടങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ല. കോടതിവിധികളുടെ കാര്യത്തിലും ഇതേ ഇരട്ടത്താപ്പാണ് പാർട്ടി കാണിക്കുന്നത്. തങ്ങൾക്ക് അനുകൂലമായ വിധി വരുമ്പോൾ കോടതിയെ പ്രകീർത്തിക്കുകയും, എതിർവിധി വരുമ്പോൾ കോടതിയെ തള്ളിക്കളയുകയും ചെയ്യുന്ന നിലപാട് ജനം മനസ്സിലാക്കിക്കഴിഞ്ഞുവെന്നും, രാഹുൽ ഗാന്ധിയുടെ ഈ ഇരട്ടത്താപ്പ് വിലപ്പോവില്ലെന്നും അമിത് ഷാ വിമർശിച്ചു.

അയൽ സംസ്ഥാനങ്ങളിൽ നിന്ന് പാർട്ടി പ്രവർത്തകരെ ഇറക്കുമതി ചെയ്ത് ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിച്ചുകൊണ്ട് ജനവിധിയെ അട്ടിമറിക്കാമെന്നത് വ്യാമോഹമാണെന്നും രാജ്യത്തെ ജനങ്ങൾ കോൺഗ്രസിന്റെ ഓരോ നീക്കവും നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വിദേശയാത്രകളെയും അമിത് ഷാ രൂക്ഷമായി വിമർശിച്ചു. “വിദേശത്ത് എവിടെയോ ആയതിനാൽ എന്റെ ശബ്ദം നിങ്ങൾക്ക് കേൾക്കാൻ കഴിയില്ലെന്ന് അറിയാം. നിങ്ങൾ എവിടേക്കാണ് പോയതെന്നോ എന്തിനാണ് പോയതെന്നോ ആർക്കും വ്യക്തമല്ല,” അദ്ദേഹം പറഞ്ഞു. ബൂത്ത് തലം മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ ബി.ജെ.പിയുടെ എല്ലാ പ്രവർത്തകരും ജനങ്ങളോടൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അക്ഷീണം പ്രയത്നിക്കുകയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Also read: