‘നേഹ ബോറയെപ്പോലെയല്ല, ഭദ്രകീർത്തിയെപ്പോലൊരു മകളെ വളർത്തിയെടുക്കണം, അവളെയാണ് മാതൃകയാക്കേണ്ടത്’: വിനീത് ശ്രീനിവാസന് മറുപടിയുമായി ടി.പി സെൻകുമാർ
കൊച്ചി: വിദ്യാർത്ഥി നേതാവ് നേഹ ബോറയുടെ പോരാട്ടവീര്യത്തെ അഭിനന്ദിച്ച് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ പങ്കുവെച്ച പോസ്റ്റിന് മറുപടിയുമായി മുൻ ഡിജിപി ടി.പി. സെൻകുമാർ. മകൾ നേഹ ബോറയെപ്പോലെ വളരണമെന്ന് ആഗ്രഹിക്കുന്നതിന് പകരം ചേരാനല്ലൂർ അപകടത്തിൽ പിതാവിനെ നഷ്ടപ്പെട്ട ഭദ്രകീർത്തിയെപ്പോലൊരു മകളെ വളർത്തിയെടുക്കാനാണ് വിനീത് ഉൾപ്പെടെയുള്ളവർ ആഗ്രഹിക്കേണ്ടതെന്ന് സെൻകുമാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച ആഡംബര കാറിടിച്ച് മരിച്ച യാത്രക്കാരന്റെ മകളാണ് ഭദ്രകീർത്തി. അപകടത്തിന് ശേഷം നീതി തേടി ഭദ്ര പോലീസ് സ്റ്റേഷന് മുൻപിൽ നടത്തിയ സമരമാണ് വാഹനമോടിച്ച കുട്ടിയുടെ പിതാവിനെതിരെ കർശന നടപടിയെടുക്കാൻ പൊലീസിനെ നിർബന്ധിതരാക്കിയത്. ഈ ധീരതയെ അഭിനന്ദിച്ചുകൊണ്ടാണ് സെൻകുമാറിന്റെ കുറിപ്പ്.
“പ്രിയപ്പെട്ട വിനീത് ശ്രീനിവാസൻ, നേഹ ബോറയെപ്പോലൊരു മകളെ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതിന് പകരം, ഭദ്രകീർത്തിയെപ്പോലൊരു മകളെ വളർത്തിയെടുക്കാനാണ് താങ്കളും നമ്മളും ആഗ്രഹിക്കേണ്ടത്. നാരീശക്തി അതിന്റെ ഏറ്റവും മഹത്തായ രൂപത്തിലാണ് അവളിലൂടെ കണ്ടത്. ഭദ്രാ, നിന്നെയോർത്ത് അഭിമാനം തോന്നുന്നു. പ്രിയപ്പെട്ട പിതാവിന് നീതി ലഭിക്കാൻ, ആ ദുരിതഘട്ടത്തിൽപ്പോലും നീ കാണിച്ച ധൈര്യവും ഉറച്ച നിലപാടും യുവതലമുറ മാതൃകയാക്കേണ്ടതാണ്.”
കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന പിതാവ് നഷ്ടപ്പെട്ട ഭദ്രയെ ചേർത്തുപിടിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും, അവളുടെ പോരാട്ടങ്ങൾക്ക് എല്ലാ പിന്തുണയും നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ എ.ഐ.എസ്.എയുടെ ദേശീയ പ്രസിഡന്റും ജെഎൻയു ഗവേഷകയുമായ നേഹ ബോറയെ അഭിനന്ദിച്ചായിരുന്നു വിനീതിന്റെ പോസ്റ്റ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ജന്തർമന്തറിൽ നടക്കുന്ന സമരങ്ങളിൽ നേഹ പങ്കെടുത്തതിന്റെ വീഡിയോ വിനീത് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരുന്നു.
“അവകാശങ്ങളെക്കുറിച്ച് അറിഞ്ഞ് വളരുന്ന ഒരു മകളെയാണ് എനിക്ക് വേണ്ടത്. ലോകത്ത് വെറുതെ അതിജീവിച്ച്, പങ്കാളിയെ പരിപാലിക്കുന്നത് മാത്രമാണ് ജീവിതലക്ഷ്യം എന്ന് കരുതുന്നവളായി വളരുന്നത് എനിക്കിഷ്ടമല്ല. ലോകം മുഴുവൻ എതിർത്താലും സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ഒരു സ്ത്രീയായി അവൾ വളരണം,” വിനീത് പങ്കുവെച്ച വീഡിയോയിലെ വരികളിങ്ങനെയായിരുന്നു.
വിനീതിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതിന് പിന്നാലെയാണ് ഇതിന് ബദലായി മുൻ ഡിജിപി രംഗത്തെത്തിയിരിക്കുന്നത്.