‘ഭൂരിഭാഗം അമേരിക്കക്കാര്‍ക്കും ഇസ്രയേലിനോട് അറപ്പും വെറുപ്പും; ഒടുവില്‍ ട്രംപിന് തിരിച്ചറിവുണ്ടായി’; ഇറാൻ വിദേശകാര്യ മന്ത്രി
തെഹ്റാൻ: ഇസ്രയേലിനോട് ഭൂരിഭാഗം അമേരിക്കൻ ജനതയ്ക്കും കടുത്ത വെറുപ്പും അതൃപ്തിയുമാണുള്ളതെന്ന് ഡൊണാൾഡ് ട്രംപിന് ഒടുവിൽ തിരിച്ചറിവുണ്ടായെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. അമേരിക്കൻ ഭരണകൂടങ്ങളെ അനന്തമായ യുദ്ധങ്ങളിലേക്ക് തള്ളിവിടുന്ന ഇസ്രയേലിന്റെ വഞ്ചനാപരമായ നിലപാടുകളിൽ അമേരിക്കയിലെയും പശ്ചിമേഷ്യയിലെയും ജനങ്ങൾ പൂർണ്ണമായും മടുത്തിരിക്കുകയാണെന്നും എക്സിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.
സി.ബി.എസ് ന്യൂസിന്റെ ’60 മിനിറ്റ്സ്’ എന്ന പരിപാടിയിൽ ട്രംപ് നടത്തിയ പരാമർശങ്ങൾക്ക് മറുപടിയായാണ് അരാഗ്ചിയുടെ പ്രതികരണം. ഭൂരിഭാഗം അമേരിക്കക്കാർക്കും ഇസ്രയേലിനോട് കടുത്ത അറപ്പാണുള്ളതെന്ന് ട്രംപ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇതിന്റെ യഥാർത്ഥ കാരണം എന്താണെന്നതിൽ അദ്ദേഹത്തിന് ഇപ്പോഴും ആശയക്കുഴപ്പമുള്ളതായി തോന്നുന്നുവെന്ന് അരാഗ്ചി പരിഹസിച്ചു. ഇസ്രയേൽ അമേരിക്കയെ യുദ്ധങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിൽ ജനങ്ങൾ പൊറുതിമുട്ടിയെന്നും തങ്ങളുടെ മേഖലയിലെ അവസ്ഥയും ഇതുതന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞയാഴ്ച നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി നേരിട്ട കനത്ത തോൽവിക്ക് കാരണം ഇസ്രയേലിനോടുള്ള ജനങ്ങളുടെ അതൃപ്തിയും, ഇറാനുമായുള്ള യുദ്ധത്തോടുള്ള എതിർപ്പും, ഇന്ധനവില വർധനവുമാണെന്ന് ട്രംപ് അഭിമുഖത്തിൽ സമ്മതിച്ചിരുന്നു. എങ്കിലും ഇറാനെ ആക്രമിച്ച നടപടിയെ ന്യായീകരിച്ച ട്രംപ്, വീണ്ടും അവസരം ലഭിച്ചാൽ ഇതേ തീരുമാനമെടുക്കുമെന്നും അമേരിക്കൻ വിജയത്തിന് ശേഷം ടെഹ്റാൻ സമാധാന കരാറിന് താത്പര്യം കാണിക്കുന്നുണ്ടെന്നും അവകാശപ്പെട്ടിരുന്നു.
എന്നാൽ തെരഞ്ഞെടുപ്പിൽ ജനപ്രതിനിധി സഭയുടെയും സെനറ്റിന്റെയും നിയന്ത്രണം ഡെമോക്രാറ്റുകൾ പിടിച്ചെടുത്തത് ഭരണകൂടത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. അമേരിക്കൻ വോട്ടർമാർ തങ്ങളുടെ തീരുമാനമെടുത്തുകഴിഞ്ഞെന്നും, ഇനി തീരുമാനമെടുക്കേണ്ടത് വൈറ്റ് ഹൗസാണെന്നും അരാഗ്ചി മുന്നറിയിപ്പ് നൽകി. എല്ലാ മേഖലകളിലുമുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്റെ നിർദേശം അംഗീകരിക്കാൻ അമേരിക്ക തയ്യാറാകണം. മറിച്ചാണ് തീരുമാനമെങ്കിൽ എപ്പോഴും ജാഗരൂകരും പോരാട്ടവീര്യമുള്ളവരുമായ ഞങ്ങളുടെ യോദ്ധാക്കൾ നിങ്ങൾക്ക് മേൽ തീമഴ പെയ്യിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനുമായുള്ള യുദ്ധമാണ് തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും പരസ്യമായി സമ്മതിച്ചിരുന്നു. അമേരിക്കൻ ആക്രമണത്തിന്റെ ആദ്യ നാളുകളിൽ തന്നെ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടത് ആഗോള എണ്ണ വിതരണത്തെ സാരമായി ബാധിച്ചിരുന്നു. ഇതേത്തുടർന്ന് അമേരിക്കയിൽ ഇന്ധനവിലയും ജീവിതച്ചെലവും കുതിച്ചുയർന്നത് ജനങ്ങളെ വലച്ചതാണ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായത്.