ചെങ്കോട്ട സ്ഫോടനക്കേസ് പ്രതിയുടെ പുൽവാമയിലെ വീട് ഇടിച്ചുനിരപ്പാക്കി
ന്യൂഡല്‍ഹി: ഡല്‍ഹി കാര്‍ ബോംബ് സ്‌ഫോടനക്കേസില്‍ മുഖ്യപ്രതി ഡോ. ഉമര്‍ നബിയുടെ പുല്‍വാമയിലെ വീട് സുരക്ഷാ ഏജന്‍സികള്‍ തകര്‍ത്തു. ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അരീഹല്‍ പ്രദേശത്തുള്ള വീടാണ് പൊളിച്ചുനീക്കിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒളിത്താവളമായും ഗൂഢാലോചന കേന്ദ്രമായും ഈ വീട് ഉപയോഗിച്ചിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ ഓടിച്ചിരുന്നത് ഉമറാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം. കാറില്‍നിന്നു കണ്ടെത്തിയ സാംപിളുകള്‍ ഡിഎന്‍എ പരിശോധനയില്‍ ഇയാളുടേതു തന്നെയാണെന്ന് കണ്ടെത്തിയിരുന്നു. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രതിയുടെ വീട് തകര്‍ത്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് ആറു മണിക്ക് ചെങ്കോട്ടയ്ക്കു പരിസരത്തു നടന്ന സ്‌ഫോടനത്തില്‍ 13 പേരാണു കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവസമയത്ത് ട്രാഫിക് സിഗ്നലിലുണ്ടായിരുന്ന ഹ്യൂണ്ടായ് ഐ20 കാറാണ് പൊട്ടിത്തെറിച്ചത്.