21/11/2026
[fontresizer_tawhidurrahmandear_widget]

ഗൾഫ് രാജ്യങ്ങളുടെ സമ്മർദ്ദം ഫലം കണ്ടു; ഇറാനെതിരായ പുതിയ സൈനികാക്രമണങ്ങൾ തത്കാലം നിർത്തിവെക്കാൻ ട്രംപ്

 ഗൾഫ് രാജ്യങ്ങളുടെ സമ്മർദ്ദം ഫലം കണ്ടു; ഇറാനെതിരായ പുതിയ സൈനികാക്രമണങ്ങൾ തത്കാലം നിർത്തിവെക്കാൻ ട്രംപ്

വാഷിങ്ടൺ: ഖത്തർ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളുടെ നിരന്തരമായ സമ്മർദ്ദത്തെത്തുടർന്ന് ഇറാനെതിരായ പുതിയ സൈനികാക്രമണങ്ങൾ തത്കാലത്തേക്ക് നിർത്തിവെക്കാൻ തീരുമാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുതിയ ആക്രമണങ്ങൾ ഉണ്ടാകില്ലെങ്കിലും ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം അമേരിക്ക തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാനുമായുള്ള നയതന്ത്ര ചർച്ചകളിൽ പ്രധാന മധ്യസ്ഥനായി പ്രവർത്തിക്കുന്ന ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹിമാൻ അൽ താനിയുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ ഈ നിർണായക പ്രഖ്യാപനം.

യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി കഴിഞ്ഞയാഴ്ച ഇറാൻ സന്ദർശിച്ചതിന് ശേഷമാണ് അൽതാനി അമേരിക്കയിലെത്തിയത്. അയൽരാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് പുതിയ ആക്രമണങ്ങൾ ഒഴിവാക്കുന്നതെന്നും, ഖത്തറിന് പുറമെ സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളൊന്നും തന്നെ മേഖലയിൽ പുതിയ അമേരിക്കൻ ആക്രമണങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം, ഇറാൻ ഒരിക്കലും ആണവായുധം സ്വന്തമാക്കാൻ പാടില്ലെന്ന കാര്യത്തിൽ എല്ലാവർക്കും ഏകാഭിപ്രായമാണെന്നും, ഇതിനായുള്ള ‘ഓപ്പറേഷൻ അയൺ ഗേറ്റ്’ കര-നാവിക മാർഗ്ഗങ്ങളിലൂടെ തുടർന്നും നടപ്പിലാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിലെ സാഹചര്യങ്ങളിൽ എന്ത് മാറ്റമുണ്ടായാലും അതിനെ നേരിടാൻ അമേരിക്കൻ സൈന്യം എപ്പോഴും സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രംപുമായും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസുമായും നടത്തിയ ചർച്ചകൾ വളരെ ക്രിയാത്മകമായിരുന്നുവെന്നും, മേഖലയിൽ സമാധാനം കൊണ്ടുവരാനും കരാറിലെത്താനുമുള്ള ഇത്തരം ചർച്ചകൾക്ക് നന്ദിയുണ്ടെന്നും ഖത്തർ പ്രധാനമന്ത്രി എക്സിൽ കുറിച്ചു. എന്നാൽ അമേരിക്കയുടെ ഈ നീക്കങ്ങളോട് വളരെ രൂക്ഷമായാണ് ഇറാൻ പ്രതികരിച്ചത്. സാങ്കൽപ്പിക ചർച്ചകളെക്കുറിച്ചുള്ള വ്യാജവാർത്തകൾ അമേരിക്ക അവസാനിപ്പിക്കണമെന്നും, ഇറാൻ മുന്നോട്ടുവെച്ച ഏഴ് വ്യവസ്ഥകൾ അംഗീകരിച്ച് കീഴടങ്ങാനുള്ള സമയമായെന്നും ഇറാന്റെ സുരക്ഷാ കൗൺസിൽ മേധാവി മൊഹ്സെൻ റെസായി എക്സിലൂടെ പ്രതികരിച്ചു.

അമേരിക്കൻ തുറമുഖ ഉപരോധം അവസാനിപ്പിക്കുക, ബോംബാക്രമണങ്ങൾ നിർത്തുക, ചില ഉപരോധങ്ങൾ പിൻവലിക്കുക എന്നിവയാണ് ഇറാന്റെ പ്രധാന ആവശ്യങ്ങൾ. ഇതിന് പകരമായി ഹോർമുസ് കടലിടുക്കിലെ ഉപരോധം അവസാനിപ്പിക്കാമെന്നും, ആണവപദ്ധതിയുമായി ബന്ധപ്പെട്ട മറ്റ് ചർച്ചകൾ പിന്നീട് നടത്താമെന്നുമാണ് ഇറാന്റെ നിലപാട്. കഴിഞ്ഞയാഴ്ച നടന്ന അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി നേരിട്ട കനത്ത പരാജയത്തിന് കാരണം ഇറാനുമായുള്ള യുദ്ധമാണെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് അടക്കമുള്ളവർ നേരത്തെ സമ്മതിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്ക്കുള്ളിൽ രാഷ്ട്രീയ സമ്മർദ്ദം ശക്തമാണെങ്കിലും, നിലവിലെ നയതന്ത്ര ചർച്ചകളിൽ ഉടനടിയൊരു വഴിത്തിരിവ് ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നാണ് മുതിർന്ന നേതാവായ റൂബിയോയുടെ വിലയിരുത്തൽ.

Also read: