24/11/2026
[fontresizer_tawhidurrahmandear_widget]

‘ബിജെപിയുമായോ ആർഎസ്എസുമായോ ബന്ധമില്ല’; സോണിയാ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി അണ്ണാ ഹസാരെ

 ‘ബിജെപിയുമായോ ആർഎസ്എസുമായോ ബന്ധമില്ല’; സോണിയാ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി അണ്ണാ ഹസാരെ

ന്യൂഡൽഹി: 2011-12 കാലഘട്ടത്തിൽ രാജ്യത്ത് നടന്ന അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന് പിന്നിൽ ബിജെപിയുടെയും ആർഎസ്എസിന്റെയും രഹസ്യ പിന്തുണയുണ്ടായിരുന്നുവെന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ ആരോപണം തള്ളി പ്രമുഖ സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. തനിക്ക് ബിജെപിയുമായോ ആർഎസ്എസുമായോ യാതൊരു ബന്ധവുമില്ലെന്നും അവരുടെ ഒരു പരിപാടിയിലും താൻ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ സമൂഹത്തിനും രാജ്യത്തിനും വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുമായും തനിക്ക് ബന്ധമില്ല. താൻ നേതൃത്വം നൽകിയ പ്രക്ഷോഭമാണ് 2014-ലെ തെരഞ്ഞെടുപ്പിൽ മൻമോഹൻ സിങ് സർക്കാരിന്റെ പരാജയത്തിന് കാരണമായതെന്ന വാദത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നും അണ്ണാ ഹസാരെ പ്രതികരിച്ചു. “സോണിയാ ഗാന്ധി ഇതുവരെ എന്നെ കണ്ടിട്ടില്ല, ഞാനും അവരെ കണ്ടിട്ടില്ല. പരസ്പരം നേരിട്ട് കാണുകപോലും ചെയ്യാത്തവർ ഇത്തരത്തിൽ അഭിപ്രായപ്രകടനം നടത്തുന്നത് എത്രത്തോളം ശരിയാണ്? ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവർ ഉത്തരവാദിത്തത്തോടെ സംസാരിക്കണം”- അടിസ്ഥാനരഹിതമായ പരാമർശങ്ങൾ ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ഹസാരെ വ്യക്തമാക്കി.

അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന ‘ഇന്ത്യാ എഗെയ്ൻസ്റ്റ് കറപ്ഷൻ’ പ്രക്ഷോഭം ബിജെപിയും ആർഎസ്എസും ചേർന്ന് രഹസ്യമായി സംഘടിപ്പിച്ചതാണെന്ന് സോണിയാ ഗാന്ധിയുടെ പുതിയ ഓർമക്കുറിപ്പിൽ ആരോപിച്ചിരുന്നു. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാരിനെ താഴെയിറക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യമെന്നും, പ്രക്ഷോഭത്തിൽ പങ്കെടുത്ത പ്രമുഖരിൽ ചിലർക്ക് ബിജെപിയുടെ പിന്തുണയുണ്ടായിരുന്നുവെന്ന് പിന്നീട് വെളിപ്പെടുത്തിയെന്നും പുസ്തകത്തിൽ പറയുന്നു. ലോക്പാൽ ബില്ല് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് അഴിമതിക്കെതിരെ രാജ്യവ്യാപകമായി നടന്ന ഈ പ്രക്ഷോഭം അന്ന് മൻമോഹൻ സിങ് സർക്കാരിനെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയിരുന്നു.

Also read: