26/11/2026
[fontresizer_tawhidurrahmandear_widget]

‘നിന്നെ നാറുന്നു’; ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വംശീയ അധിക്ഷേപം

 ‘നിന്നെ നാറുന്നു’; ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വംശീയ അധിക്ഷേപം

ലോകപ്രശസ്തമായ ഓക്സ്ഫഡ് സർവകലാശാലയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥിനിക്ക് വംശീയാധിക്ഷേപം നേരിട്ടതായി പരാതി. പിഎച്ച്ഡി വിദ്യാർഥിനിയായ കാമാക്ഷിയാണ് താൻ വംശീയ അധിക്ഷേപത്തിന് ഇരയായതായി വെളിപ്പെടുത്തിയത്. ക്യാംപസിനുള്ളിൽ ഷോപ്പിങിനായി ഇറങ്ങിയപ്പോൾ അപരിചിതയായ യുവതി അടുത്തെത്തി ‘നിന്നെ നാറുന്നു’ എന്ന് പറഞ്ഞുവെന്ന് കാമാക്ഷി വ്യക്തമാക്കി. ഇതാദ്യമായല്ല സർവകലാശാലയ്ക്കുള്ളിൽ നിന്ന് വംശീയ അധിക്ഷേപം നേരിടേണ്ടി വരുന്നതെന്നും അവർ ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തി.

“ഞാൻ നിങ്ങളോട് ഒരു കാര്യം പറയട്ടെ, വളരെ സന്തോഷത്തോടെയാണ് ഞാൻ ക്യാംപസിനുള്ളിലെ കടയിൽ സാധനം വാങ്ങാൻ എത്തിയത്. അപ്പോഴാണ് വെള്ളക്കാരിയായ യുവതി എനിക്കടുത്തേക്ക് വന്ന് അധിക്ഷേപിക്കാൻ തുടങ്ങിയത്. ഞാനാദ്യം ഗൗനിച്ചില്ല. വീണ്ടും അടുത്തേക്ക് വന്ന ശേഷം അവർ എന്നെ നാറുന്നുവെന്ന് അവർ പറഞ്ഞിട്ട് പോയി, മരവിച്ചു പോയി അത് കേട്ടപ്പോൾ” – യുവതി ഇൻസ്റ്റഗ്രാം വിഡിയോയിൽ വെളിപ്പെടുത്തി. എന്താണ് സംഭവിച്ചതെന്ന് ഓർത്ത് അമ്പരന്ന് നിൽക്കുന്നതിനിടെ അവർ ഇറങ്ങിപ്പോയെന്നും കാമാക്ഷി പറയുന്നു.

“എന്റെ അച്ഛന് ഏറ്റവും പ്രിയപ്പെട്ട വളരെ നേർത്ത ഗന്ധമുള്ള പെർഫ്യൂമാണ് ഞാൻ ആ സമയത്ത് ഉപയോഗിച്ചിരുന്നത്. എനിക്കാകെ സങ്കടവും വിഷമവും അസ്വസ്ഥതയുമായി. ആ ദിവസം മുഴുവൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല” – കാമാക്ഷി തുറന്നുപറയുന്നു. തെരുവിൽ പലപ്പോഴും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും ക്യാംപസിനുള്ളിലും ഇതിപ്പോൾ സാധാരണമായി എന്നും യുവതി പറയുന്നു. ഇത്തരം ആക്ഷേപം കേട്ടതുകൊണ്ട് താൻ പുറത്തിറങ്ങുന്നത് നിർത്താനോ തനിക്ക് പ്രിയപ്പെട്ട പെർഫ്യൂം ഉപയോഗിക്കാതിരിക്കാനോ പോകുന്നില്ലെന്നും പോരാട്ടം തുടരുമെന്നും കാമാക്ഷി കൂട്ടിച്ചേർത്തു.

കടുത്ത വംശീയ അധിക്ഷേപം നടത്തുന്ന നഥാൻ കഫ്‌നാസ് എന്ന പ്രഫസറുടെ പരിപാടി നടത്തിയതിന്റെ പേരിൽ ഓക്സ്ഫഡ് സർവകലാശാല കഴിഞ്ഞ ദിവസം വിവാദത്തിലകപ്പെട്ടിരുന്നു. “കഴിവിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ വളരെ കുറച്ച് കറുത്ത വർഗക്കാർ മാത്രമേ സമൂഹത്തിന്റെ മേൽത്തട്ടിൽ കാണൂ” എന്നായിരുന്നു കഫ്‌നാസിന്റെ വിവാദ പ്രസ്താവന. ഇത്തരം പ്രസ്താവന നടത്തിയ വ്യക്തിയെ സർവകലാശാല ക്ഷണിച്ചതിൽ നൂറുകണക്കിന് പേരാണ് പ്രതിഷേധവുമായെത്തിയത്. തീവ്രവലതുപക്ഷം സർവകലാശാലയിൽ ആധിപത്യം ഉറപ്പിക്കുന്നുവെന്നും പ്രതിഷേധക്കാർ ആരോപിച്ചിരുന്നു.

Also read: