പിസ ഓർഡർചെയ്ത് വിളിച്ചുവരുത്തി; യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ വെടിവെച്ച് കൊന്നു
ഫിലാഡൽഫിയ: അമേരിക്കയിലെ ഫിലാഡൽഫിയയിൽ ഇന്ത്യൻ യുവാവ് വെടിയേറ്റു മരിച്ചു. തെലങ്കാന സ്വദേശിയായ 28-കാരൻ അൻഷുൽ കുഞ്ചയാണ് ശനിയാഴ്ച്‌ച രാത്രി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.
നാല് വർഷം മുമ്പ് ഉപരിപഠനത്തിനായാണ് അൻഷുൽ അമേരിക്കയിലെത്തിയത്. വാരാന്ത്യങ്ങളിൽ അധിക വരുമാനത്തിനായി പാർട്ട് ടൈം ആയി അദ്ദേഹം പിസ ഡെലിവറി ജോലി ചെയ്യാറുണ്ടായിരുന്നു. ശനിയാഴ്ച രാത്രി ലഭിച്ച ഒരു ഓർഡർ ഡെലിവർ ചെയ്യാൻ പോയ അൻഷുലിനുനേരെ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. തലയ്ക്കുവെടിയേറ്റ അൻഷുൽ സംഭവസ്ഥലത്തുതന്നെ മരിച്ചു. വെടിയുതിർത്ത ശേഷം അക്രമികൾ അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രാഥമികാന്വേഷണത്തിൽ അൻഷുലിന് ലഭിച്ച പിസ ഓർഡർ വ്യാജമായിരുന്നു എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അക്രമം നടന്ന സ്ഥലത്ത് രണ്ട് മുഖംമൂടി ധാരികളെ കണ്ടതായി ദൃക്‌സാക്ഷി മൊഴികളുണ്ട്. സംഭവസമയത്ത് അൻഷുലിന്റെ പക്കൽനിന്ന് പണമോ മറ്റ് വിലപിടിപ്പുള്ള വസ്‌തുക്കളോ നഷ്ടപ്പെട്ടിട്ടില്ല. അതിനാൽ കൊലപാതകത്തിൽ വലിയ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. മുൻപ് ഒരിക്കൽക്കൂടി അൻഷുൽ അജ്ഞാതരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും മാതാപിതാക്കൾ ഇനി മക്കളെ അമേരിക്കയിലേക്ക് അയക്കരുതെന്നും കുടുംബം കണ്ണീരോടെ പറഞ്ഞു.
തെലങ്കാനയിലെ ഗുണ്ടപ്പോച്ചംപള്ളി സ്വദേശിയായ അൻഷുൽ ഹൈദരാബാദിൽനിന്ന് ബി.ടെക് പൂർത്തിയാക്കിയ ശേഷമാണ് ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയത്. പഠനം പൂർത്തിയാക്കിയ ശേഷം കെ.ഡബ്ല്യു.സി എന്ന മൾട്ടിനാഷണൽ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചിരുന്നു. ഇതിനിടയിലാണ് അവധി ദിവസങ്ങളിൽ ഡെലിവറി ജോലിക്കും പോയിരുന്നത്.
സംഭവത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ആഴമായ അനുശോചനം രേഖപ്പെടുത്തി. അൻഷുലിൻ്റെ മൃതദേഹം എത്രയും വേഗം നാട്ടിലേക്ക് എത്തിക്കണമെന്ന് കുടുംബം അധികൃതരോട് അഭ്യർഥിച്ചിട്ടുണ്ട്. കേസ് അന്വേഷണത്തിനായി പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്നും അൻഷുലിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി.