‘അവശേഷിക്കുന്ന ജനാധിപത്യത്തിന്റെ കൂടി അന്ത്യമാകും, രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങും’ ; മണ്ഡല പുനർനിർണയ ബില്ലിനെതിരെ മുന്നറിയിപ്പുമായി കപിൽ സിബൽ
ന്യൂഡൽഹി: വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട 131-ാം ഭരണഘടനാ ഭേദഗതി ബിൽ പാസാക്കിയാൽ അത് ഇന്ത്യയിൽ അവശേഷിക്കുന്ന ജനാധിപത്യത്തിന്റെ കൂടി അന്ത്യമായിരിക്കുമെന്ന് രാജ്യസഭാ എം.പിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ മുന്നറിയിപ്പ് നൽകി. നവംബർ 30-ന് ചേരുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ രൂക്ഷപ്രതികരണം.
നവംബർ 30-ന് ഈ ഭരണഘടനാ ഭേദഗതി ബിൽ പാസാക്കപ്പെടുന്നതോടെ, ദീർഘകാലാടിസ്ഥാനത്തിൽ ഭരണഘടന തന്നെ ഭേദഗതി ചെയ്യുന്നതിലേക്കും രാജ്യം ഒരു ഏകാധിപത്യ ഭരണസംവിധാനത്തിലേക്ക് മാറുന്നതിലേക്കുമായിരിക്കും കാര്യങ്ങൾ നീങ്ങുകയെന്ന് അദ്ദേഹം വ്യക്തമാക്കി. അത്തരമൊരു സാഹചര്യത്തിൽ ഭരണകൂടത്തിൻ്റെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് മാത്രമായിരിക്കും രാജ്യത്ത് തീരുമാനങ്ങളെടുക്കുക എന്നും സിബൽ പറഞ്ഞു.
ബിൽ നിയമമാകുന്നതോടെ പാർലമെന്റ് എന്ന ജനാധിപത്യ സംവിധാനം വെറുമൊരു പൂജ്യമായി ചുരുങ്ങുമെന്നും, കോടതികളിലെ നിയമനങ്ങൾ പോലും ഭരണാധികാരികളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് മാത്രമായിരിക്കും നടക്കുകയെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി. ഭരണകൂടം പാർലമെന്റിന് മേൽ അമിതാധികാരം സ്ഥാപിക്കുകയാണെന്നും, ചർച്ചകളോ സുതാര്യതയോ ഇല്ലാത്ത അവസ്ഥയിലേക്ക് സഭ മാറുമെന്നും അദ്ദേഹം വിമർശിച്ചു.
ലോക്സഭാ സീറ്റുകളുടെ എണ്ണം എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം വർദ്ധിപ്പിക്കാനും നിലവിലെ പ്രാതിനിധ്യ അനുപാതം 2051 വരെ 25 വർഷത്തേക്ക് കൂടി മരവിപ്പിച്ചു നിർത്താനുമുള്ള ഭേദഗതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതിന് പിന്നാലെയാണ് സിബലിന്റെ പ്രതികരണം. കഴിഞ്ഞ ഏപ്രിലിൽ ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന് പരാജയപ്പെട്ട മണ്ഡല പുനർനിർണയ ബിൽ പുതിയ മാറ്റങ്ങളോടെ നവംബർ 30 മുതൽ ഡിസംബർ 3 വരെ ചേരുന്ന പ്രത്യേക സമ്മേളനത്തിൽ വീണ്ടും അവതരിപ്പിക്കാനാണ് സർക്കാർ നീക്കം.
ബിൽ പാസാക്കാൻ ആവശ്യമായ ഭൂരിപക്ഷം ഉറപ്പാക്കുന്നതിനായി അയോഗ്യതാ നടപടികൾ നേരിടുന്ന 20 തൃണമൂൽ കോൺഗ്രസ് എം.പിമാരെയും ആറ് ശിവസേന എം.പിമാരെയും വോട്ടെടുപ്പിൽ പങ്കെടുപ്പിക്കാൻ ഭരണപക്ഷം ശ്രമിക്കുകയാണെന്നും സിബൽ ആരോപിച്ചു. നമ്മുടെ പൂർവ്വികർ നൽകിയ ഭരണഘടനാ ജനാധിപത്യത്തെ ഒരിക്കലും ഉയിർത്തെഴുന്നേൽക്കാൻ കഴിയാത്തവിധം ആഴത്തിൽ കുഴിച്ചുമൂടരുതെന്ന് പ്രാർത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.