27/01/2026

‘ഇ വി എം കൊണ്ട് കളിക്കുന്നവർ ഒരുനാൾ പിടിക്കപ്പെടും രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷ നൽകും’; ദിഗ് വിജയ് സിങ്

 ‘ഇ വി എം കൊണ്ട് കളിക്കുന്നവർ ഒരുനാൾ പിടിക്കപ്പെടും രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷ നൽകും’; ദിഗ് വിജയ് സിങ്

മധ്യപ്രദേശ്: ബിഹാർ തെരഞ്ഞെടുപ്പ് ഫലത്തില്‍ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. റഷ്യയിലും ചൈനയിലും ഉത്തര കൊറിയയിലും നടക്കുന്ന പോലെയാണ് ബിഹാറിലെ തെരഞ്ഞെടുപ്പും നടന്നത്. എല്ലാ വോട്ടും ഒരേ പാര്‍ട്ടിക്കാണു പോകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇ.വി.എമ്മില്‍ കൃത്രിമം കാണിക്കുന്നവര്‍ ഒരുനാള്‍ പിടിക്കപ്പെടുകയും വധശിക്ഷ ഏറ്റുവാങ്ങുകയും ചെയ്യേണ്ടിവരുമെന്നും ദിഗ്വിജയ് സിങ് മുന്നറിയിപ്പ് നല്‍കി.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതികരണവുമായി മധ്യപ്രദേശില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ”ഉത്തര കൊറിയ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നടക്കുന്നതുപോലെയാണ് ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വരുന്നത്. എല്ലാ വോട്ടുകളും ഒരേ പാര്‍ട്ടിക്കാണ് പോവുന്നത്. ഇത് ജനാധിപത്യപരമായ രീതിയല്ല,’-ദിഗ്വിജയ് സിങ് കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ദിഗ്വിജയ് സിങ് ശക്തമായ മുന്നറിയിപ്പും നല്‍കി. ‘ഇ.വി.എം കൊണ്ട് കളിക്കുന്നവര്‍ ഒരുനാള്‍ തീര്‍ച്ചയായും പിടിക്കപ്പെടും. തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നത് രാജ്യത്തിനെതിരായ കുറ്റമാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തി അവരെ വധശിക്ഷക്ക് വിധിക്കണം,’-സിങ് ആവശ്യപ്പെട്ടു.

എസ്‌ഐആറിന്റെ ഭാഗമായി 60 ലക്ഷത്തിലേറെ വോട്ടുകള്‍ നീക്കം ചെയ്യപ്പെടുകയും 20 ലക്ഷം വോട്ടുകള്‍ പുതുതായി ചേര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് ആരൊക്കെയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇ.വി.എമ്മില്‍ വോട്ട് നടക്കുന്നിടത്തെല്ലാം ബട്ടന്‍ അമര്‍ത്തിയതിനു പിന്നാലെ ഒരു റെസിപ്റ്റും ലഭിക്കാറുണ്ട്. ഇവിടെയും നമ്മള്‍ ചെയ്ത വോട്ടിന് റെസിപ്റ്റ് ലഭിക്കണം. ഇ.വി.എമ്മിലുള്ള ജനങ്ങളുടെ വിശ്വാസം ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ബാധ്യതയുണ്ടെന്നും ദിഗ്‌വിജയ് സിങ് കൂട്ടിച്ചേര്‍ത്തു.

Also read: