ബിജെപിക്ക് എന്നെ രാഷ്ട്രീയമായി തോല്‍പിക്കാന്‍ കഴിയില്ല; അതുകൊണ്ട് എസ്‌ഐആര്‍ ആയുധമാക്കുന്നു-മമത ബാനര്‍ജി
കൊല്‍ക്കത്ത: വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധന (എസ്‌ഐആര്‍) പ്രക്രിയയെ ചൊല്ലി തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കുമെതിരെ ആക്രമണം കടുപ്പിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷത നഷ്ടപ്പെടുത്തി ‘ബിജെപി കമ്മീഷന്‍’ ആയി മാറിയെന്ന് മമത ആരോപിച്ചു. എന്നെ ബിജെപിക്ക് രാഷ്ട്രീയമായി തോല്‍പിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് എസ്‌ഐആര്‍ ആയുധമാക്കുന്നതെന്നും മമത ആരോപിച്ചു.
2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരക്കിട്ട് വോട്ടര്‍ പട്ടിക തിരുത്താനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും തൃണമൂല്‍ നേതാവ് മുന്നറിയിപ്പ് നല്‍കി. ‘നിങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുകയാണെങ്കില്‍, കേന്ദ്ര സര്‍ക്കാരിനെയും നീക്കം ചെയ്യണം. ഇതേ വോട്ടര്‍ പട്ടികയുമായാണ് മോദി അധികാരത്തിലേറിയിട്ടുള്ളത്.’-ബംഗോണില്‍ നടന്ന എസ്‌ഐആര്‍ വിരുദ്ധ റാലിയില്‍ സംസാരിക്കവെ മമത ജനക്കൂട്ടത്തോട് പറഞ്ഞു.
വോട്ടര്‍ പട്ടികാ പരിഷ്‌കരണം രണ്ടോ മൂന്നോ വര്‍ഷമെടുത്താണ് നടത്തുന്നതെങ്കില്‍ എല്ലാ പിന്തുണയും നല്‍കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് മമത വ്യക്തമാക്കി. എന്നാല്‍, ഇപ്പോഴുള്ള തിടുക്കത്തിലുള്ള നീക്കം വോട്ടര്‍മാരെ ലക്ഷ്യമിട്ടുള്ളതാണെന്ന് അവര്‍ ആരോപിച്ചു.
ബംഗ്ലാദേശികളെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനാണ് എസ്‌ഐആര്‍ എന്ന വാദത്തെ മമത ചോദ്യം ചെയ്തു. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഈ പരിഷ്‌കരണം നടപ്പാക്കുന്നത് എന്തുകൊണ്ടാണെന്ന് അവര്‍ ചോദിച്ചു.
‘നമ്മുടെ ഭാഷ ഒന്നുതന്നെയായതിനാല്‍ ഞാന്‍ ബംഗ്ലാദേശിനെ ഒരു രാജ്യമായി സ്‌നേഹിക്കുന്നു. എന്നാല്‍ ഒരു ദിവസം എന്നെപ്പോലും ബംഗ്ലാദേശിയെന്ന് വിളിക്കും. ഞാന്‍ ജീവിച്ചിരിപ്പുള്ള കാലത്തോളം നിങ്ങളില്‍ ഒരാളെയും വോട്ടര്‍ പട്ടികയില്‍നിന്ന് പുറത്താക്കാന്‍ അനുവദിക്കില്ല’-മമത വ്യക്തമാക്കി.