10/06/2026
[fontresizer_tawhidurrahmandear_widget]

ഇമ്രാന്‍ ഖാന്‍ മരിച്ചിട്ടില്ല! ജയിലില്‍ ‘സുരക്ഷിതന്‍’; അഭ്യൂഹങ്ങള്‍ തള്ളി പാക് വൃത്തങ്ങള്‍

 ഇമ്രാന്‍ ഖാന്‍ മരിച്ചിട്ടില്ല! ജയിലില്‍ ‘സുരക്ഷിതന്‍’; അഭ്യൂഹങ്ങള്‍ തള്ളി പാക് വൃത്തങ്ങള്‍

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പിടിഐ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ്) ചെയര്‍മാനുമായ ഇമ്രാന്‍ ഖാന്‍ റാവല്‍പിണ്ടിയിലെ അദിയാല ജയിലില്‍ സുരക്ഷിതനാണെന്ന് ജയില്‍ അധികൃതര്‍. ഇമ്രാന്‍ ഖാനെ ജയിലിനുള്ളില്‍ വധിച്ചെന്ന തരത്തില്‍ അഫ്ഗാന്‍, ബലൂചിസ്ഥാന്‍ മാധ്യമങ്ങളെയും സമൂഹ മാധ്യമങ്ങളെയും ഉദ്ധരിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ ശക്തമായ പശ്ചാത്തലത്തിലാണ് സ്ഥിരീകരണം.

അതേസമയം, മൂന്നാഴ്ചയിലേറെയായി ജയിലിലുള്ള സഹോദരനെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഇമ്രാന്‍ ഖാന്റെ സഹോദരിമാരായ അലീമ ഖാന്‍, ഡോ ഉസ്മ ഖാന്‍, നൊറീന്‍ നിയാസി എന്നിവര്‍ ജയിലിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തിയിരിന്നു. ജയില്‍ അധികൃതരും പോലീസും തങ്ങളെ ക്രൂരമായി ആക്രമിച്ചെന്നും അവര്‍ ആരോപിച്ചു.

മരണവാര്‍ത്തകള്‍ തെളിവില്ലാത്തതും സ്ഥിരീകരിക്കാത്തതുമാണെന്ന് പാക് സര്‍ക്കാര്‍ ഔദ്യോഗികമായി വ്യക്തമാക്കി. മുന്‍പ് പ്രചരിച്ച സമാനമായ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ വാര്‍ത്ത നിഷേധിച്ചത്. ഇമ്രാന്‍ ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന പേരില്‍ പ്രചരിച്ച പഴയ ചിത്രങ്ങളും വ്യാജമാണെന്നും തെളിഞ്ഞു.

ഇന്ന് ഖാന്റെ സഹോദരി അലീമ ഖാനും പിടിഐ പ്രവര്‍ത്തകരും അദിയാല ജയിലിന് സമീപം നടത്തിവന്ന കുത്തിയിരിപ്പ് സമരം പിന്‍വലിച്ചു. പോലീസുമായി നടത്തിയ ചര്‍ച്ചകള്‍ വിജയകരമായതിനെ തുടര്‍ന്നാണ് നടപടി. ഇമ്രാന്‍ ഖാനുമായി എത്രയും വേഗം കൂടിക്കാഴ്ച ക്രമീകരിക്കാമെന്ന് പോലീസ് ഉറപ്പുനല്‍കിയതായി അധികൃതര്‍ അറിയിച്ചു. അഴിമതിക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് 2023 ഓഗസ്റ്റ് മുതല്‍ ഇമ്രാന്‍ ഖാന്‍ ജയിലിലാണ്.

Also read: