അയോധ്യ എം.പിക്ക് രാമക്ഷേത്ര ധ്വജാരോഹണ ചടങ്ങിലേക്ക് ക്ഷണമില്ല; ദലിതനായതുകൊണ്ട് ഒഴിവാക്കിയെന്ന് അവധേഷ് പ്രസാദ്
ലഖ്നൗ: രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് ലോക്സഭാ മണ്ഡലത്തിലെ എം.പിയായ അവധേഷ് പ്രസാദിന് ക്ഷേത്രത്തിലെ ധ്വജാരോഹണ ചടങ്ങിലേക്ക് ക്ഷണം ലഭിക്കാത്തത് പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ക്ഷേത്രവിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്ന് സമാജ്വാദി പാര്‍ട്ടി കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ ഭരണഘടനാ ദിനാഘോഷം വെറും പ്രഹസനമാണെന്നും നേതാക്കള്‍ വിമര്‍ശിച്ചു.
രാമക്ഷേത്രത്തില്‍ നടന്ന ധ്വജാരോഹണ ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ തനിക്ക് നിരാശയുണ്ടെന്ന് അവധേഷ് പ്രസാദ് പറഞ്ഞു. ‘രാമക്ഷേത്രം ധര്‍മ ധ്വജമാണ്, രാഷ്ട്രീയമല്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദലിതനായതുകൊണ്ടാണ് തന്നെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതെന്നും അവധേഷ് ആരോപിച്ചു.
ഭരണഘടനാ ദിനത്തില്‍ ബി.ജെ.പി നടത്തുന്ന ആഘോഷങ്ങള്‍ വെറും പ്രഹസനം മാത്രമാണെന്നും എസ്.പി എം.പി ആരോപിച്ചു. ഭരണഘടനയുടെ തത്വങ്ങള്‍ ബി.ജെ.പി പാലിക്കുന്നില്ലെന്നും, ദലിത് വിഭാഗക്കാരനായ തന്നെ ഒഴിവാക്കിയ നടപടി ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ഥലം എംപിയെ ചടങ്ങില്‍നിന്ന് ഒഴിവാക്കിയതിനെതിരെ കോണ്‍ഗ്രസ് നേതാക്കളും വിമര്‍ശനമുയര്‍ത്തി. അവധേഷ് പ്രസാദ് ദലിത് വിഭാഗത്തില്‍ നിന്നുള്ള എം.പിയായതുകൊണ്ടാണ് ക്ഷേത്ര ചടങ്ങില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ഇമ്രാന്‍ മസൂദ് ആരോപിച്ചു. ഭരണഘടനാ ദിനം ആഘോഷിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍, ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വത്തെ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്ര നിര്‍മാണത്തിന്റെ തരംഗത്തിനിടയിലും 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഞെട്ടിച്ച ഫലമായിരുന്നു ഫൈസാബാദ് മണ്ഡലത്തിലേത്. അയോധ്യ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ ബി.ജെ.പിയുടെ സിറ്റിങ് എം.പിയെ ലല്ലു സിങ്ങിനെ അരലക്ഷത്തിലേറെ വോട്ടിനാണ് അവധേഷ് പ്രസാദ് പരാജയപ്പെടുത്തിയത്.