27/01/2026

മുസ്ലിം ലീഗ് നേതാവിനെതിരെ അപവാദ പ്രചരണം; ‘മലപ്പുറം പച്ചപ്പട’ക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ കളക്ടർ ഉത്തരവിട്ടു

 മുസ്ലിം ലീഗ് നേതാവിനെതിരെ അപവാദ പ്രചരണം; ‘മലപ്പുറം പച്ചപ്പട’ക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ കളക്ടർ ഉത്തരവിട്ടു

മലപ്പുറം: മുസ്ലിം ലീഗ് നേതാവും മലപ്പുറം ജില്ലാ പഞ്ചായത്ത് അരീക്കോട് ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥിയുമായ പിഎ ജബ്ബാർ ഹാജിയുടെ പരാതിയിൽ ‘മലപ്പുറം പച്ചപ്പട’ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിനെതിരെ നിയമ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. കളക്ടറുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ജില്ലാതല മീഡിയ റിലേഷൻസ് സമിതിയുടെ ശുപാർശയെ തുടർന്നാണ് നടപടി.

‘മലപ്പുറം പച്ചപ്പട’ എന്ന പേരിലുള്ള ഗ്രൂപ്പിൽ തനിക്കെതിരെ നടക്കുന്ന വ്യാജപ്രചരണങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പിഎ ജബ്ബാർ ഹാജി ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. പരാതി ജില്ലാതല മീഡിയ റിലേഷൻസ് സമിതി ചർച്ച ചെയ്യുകയും, വിഷയം അന്വേഷണത്തിനും തുടർനടപടിക്കുമായി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.

ജബ്ബാർ ഹാജിക്കെതിരെ ഫേസ്ബുക്ക് പേജിൽ നിന്ന് അദ്ദേഹത്തിന്റെ ഫോട്ടോയും മത-സാംസ്‌കാരിക നേതാക്കന്മാരെയും ഉൾക്കൊള്ളിച്ച് നിരന്തരം അപകീർത്തികരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളുന്നയിച്ച് പ്രചരണം നടത്തുന്നതായും, സമൂഹത്തിൽ കലാപവും വിദ്വേഷവും പരത്തണമെന്ന ഉദ്ദേശ്യത്തിൽ ഫേസ്ബുക്ക് ഉപയോഗപ്പെടുത്തുന്നതായും ഇത് വിശ്വാസ്യയോഗ്യമെന്ന നിലയിൽ ധാരാളം പേർ ഷെയർ ചെയ്യുന്നതായുമാണ് പരാതി ലഭിച്ചത്. ഗ്രൂപ്പിൽ നിന്നുള്ള പോസ്റ്റുകളുടെ സ്‌ക്രീൻ ഷോട്ടും വിശദാംശങ്ങളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Also read: