10/06/2026
[fontresizer_tawhidurrahmandear_widget]

‘പിതാവ് ജീവിച്ചിരിപ്പുണ്ട് എന്നതിന് തെളിവ് വേണം’; അന്താരാഷ്ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് മകന്‍ കാസിം ഖാന്‍

 ‘പിതാവ് ജീവിച്ചിരിപ്പുണ്ട് എന്നതിന് തെളിവ് വേണം’; അന്താരാഷ്ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് മകന്‍ കാസിം ഖാന്‍

ഇസ്‍ലാമാബാദ്: പാകിസ്ഥാൻ ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിനിടെ മകൻ കാസിം ഖാൻ തന്നെ അന്താരാഷ്ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്. പിതാവ് ജീവിച്ചിരിപ്പുണ്ട് എന്നതിന് തെളിവ് വേണമെന്നും കാസിം പാക് ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എക്സില്‍ പങ്കുവെച്ച കുറിപ്പിൽ കാസിം പിതാവിനെക്കുറിച്ചുള്ള തൻ്റെ കടുത്ത ആശങ്കകൾ പങ്കുവെച്ചു. ഇമ്രാൻ ഖാൻ ജയിലിലായിട്ട് 845 ദിവസമായെന്നും, കഴിഞ്ഞ ഒന്നര മാസമായി കുടുംബവുമായി യാതൊരു ബന്ധവുമില്ലാതെ പൂർണ്ണമായും ഒറ്റപ്പെട്ട സെല്ലിലാണ് (ഇരുട്ടുമുറിയിൽ) അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നതെന്നും കാസിം വ്യക്തമാക്കി. വ്യക്തമായ കോടതി ഉത്തരവുകൾ ഉണ്ടായിട്ടും അദ്ദേഹത്തിൻ്റെ സഹോദരിമാരെ മീറ്റിംഗുകളിൽ നിന്ന് വിലക്കിയിട്ടുണ്ട്. കഴിഞ്ഞ ആറ് ആഴ്ചയായി ഫോൺ കോളുകളോ കൂടിക്കാഴ്ചകളോ അദ്ദേഹത്തെക്കുറിച്ചുള്ള വാർത്തകളോ ലഭ്യമല്ല. തനിക്കും സഹോദരനും പിതാവിനെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിതാവിൻ്റെ അവസ്ഥ മറച്ചുവെക്കാനും അദ്ദേഹം എവിടെയാണെന്ന് കുടുംബത്തിന് അറിയുന്നത് തടയാനുമുള്ള മനഃപൂർവമായ ശ്രമമാണിത്. ഈ നടപടി സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമല്ല. ഇമ്രാൻ ഖാൻ്റെ സുരക്ഷയുടെയും മനുഷ്യത്വരഹിതമായ ഏകാന്ത തടവിലുള്ള എല്ലാ പ്രത്യാഘാതങ്ങളുടെയും നിയമപരവും ധാർമികവുമായ പൂർണ ഉത്തരവാദിത്തം പാകിസ്ഥാൻ സർക്കാരിനായിരിക്കും എന്ന് കാസിം ഖാൻ മുന്നറിയിപ്പ് നൽകി.

അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും അന്താരാഷ്ട്ര സമൂഹവും ഇടപെടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഇമ്രാൻ ഖാൻ ജീവിച്ചിരിപ്പുണ്ടെന്ന് സ്ഥിരീകരിക്കുക, കോടതി ഉത്തരവുകൾക്കനുസരിച്ച് കുടുംബാംഗങ്ങൾക്ക് പ്രവേശനം നൽകുക, അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്ന മനുഷ്യത്വരഹിതമായ ഒറ്റപ്പെടുത്തൽ അവസാനിപ്പിക്കുക എന്നിവയാണ് കാസിം പ്രധാനമായും മുന്നോട്ട് വെച്ച ആവശ്യങ്ങൾ.

അതേസമയം, ഇമ്രാൻ ഖാൻ മരിച്ചെന്ന വാർത്തകളും ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങളും അദിയാല ജയിൽ അധികൃതർ പൂർണമായും തള്ളിക്കളഞ്ഞു. ഇമ്രാൻ ഖാൻ ആരോഗ്യവാനാണെന്നും അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പി.ടി.ഐ) നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ജയിൽ ഭരണകൂടം പ്രസ്താവനയിൽ വ്യക്തമാക്കി. പി.ടി.ഐ മേധാവിക്ക് ആവശ്യമായ എല്ലാ പരിചരണവും നൽകുന്നുണ്ട്. ഇമ്രാൻ ഖാനെ ജയിലിൽ നിന്ന് മാറ്റുമെന്ന സോഷ്യൽ മീഡിയയിലെ റിപ്പോർട്ടുകളും അടിസ്ഥാനരഹിതമാണെന്നും ജയിൽ അധികൃതർ കൂട്ടിച്ചേർത്തു.

മുൻ പ്രധാനമന്ത്രിയായ ഇമ്രാൻ ഖാൻ 2023 ഓഗസ്റ്റ് മുതൽ കസ്റ്റഡിയിലാണ്. അഴിമതി കേസിൽ ഈ വർഷം ജനുവരിയിൽ അദ്ദേഹത്തിനും ഭാര്യയ്ക്കും യഥാക്രമം 14 വർഷവും ഏഴു വർഷവും തടവ് ശിക്ഷ വിധിച്ചിരുന്നു.

Also read: