റാപ്പിഡോ ഡ്രൈവറുടെ അക്കൗണ്ടിൽ 331 കോടി! ഇ.ഡി അന്വേഷണത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ; യുവ രാഷ്ട്രീയ നേതാവ് നിരീക്ഷണത്തിൽ
ന്യൂഡൽഹി: അനധികൃത വാതുവെപ്പ് ശൃംഖലയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഞെട്ടിക്കുന്ന കണ്ടെത്തലുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഡൽഹിയിലെ റാപ്പിഡോ ബൈക്ക്ടാക്സി ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിലൂടെ എട്ട് മാസത്തിനുള്ളിൽ 331.36 കോടി രൂപയുടെ നിക്ഷേപം നടന്നതായി ഇഡി സ്ഥിരീകരിച്ചു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു ഡ്രൈവറുടെ അക്കൗണ്ടിലേക്ക് 2024 ഓഗസ്റ്റ് 19 നും 2025 ഏപ്രിൽ 16 നും ഇടയിൽ ഇത്രയും വലിയ തുക എത്തിയതാണ് സംശയത്തിനിടയാക്കിയത്. 1x Bet വാതുവെപ്പ് ശൃംഖലയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനിടയിലാണ് ഇയാളെ കണ്ടെത്തിയത്.
ചോദ്യം ചെയ്യലിൽ, നിക്ഷേപങ്ങളെക്കുറിച്ചോ അതിന്റെ ഗുണഭോക്താക്കളെക്കുറിച്ചോ തനിക്ക് അറിവില്ലെന്ന് ഡ്രൈവർ മൊഴി നൽകി. ഇയാളുടെ അക്കൗണ്ട് വ്യാജ കെവൈസി വിവരങ്ങൾ ഉപയോഗിച്ച് കള്ളപ്പണം വഴിതിരിച്ചുവിടാൻ ഉപയോഗിച്ച ‘മ്യൂൾ’ അക്കൗണ്ടാണെന്നാണ് ഇഡിയുടെ നിഗമനം. ഉദയ്പൂരിൽ നടന്ന ആഡംബര വിവാഹത്തിന് ഈ അക്കൗണ്ടിൽ നിന്ന് ഒരു കോടിയിലേറെ രൂപ ചെലവഴിച്ചതായും കണ്ടെത്തി. ഈ ഇടപാടുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ യുവ രാഷ്ട്രീയ നേതാവിനെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
നിലവിൽ, ഫണ്ടിന്റെ ഉറവിടങ്ങളും സ്വീകർത്താക്കളും ഉൾപ്പെടുന്ന മുഴുവൻ ശൃംഖലയും ഏജൻസി വിശദമായി പരിശോധിച്ചുവരികയാണ്. നേരത്തെ ഇതേ കേസിൽ മുൻ ക്രിക്കറ്റ് താരങ്ങളായ ശിഖർ ധവാൻ, സുരേഷ് റെയ്ന എന്നിവരുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു.