31/03/2026
[fontresizer_tawhidurrahmandear_widget]

നിതീഷ് പ്രഖ്യാപിച്ച 10000 രൂപ ലഭിച്ചില്ല; പ്രതിഷേധവുമായി നൂറുകണക്കിനു സ്ത്രീകള്‍, ഉദ്യോഗസ്ഥര്‍ ഓടിരക്ഷപ്പെട്ടു

 നിതീഷ് പ്രഖ്യാപിച്ച 10000 രൂപ ലഭിച്ചില്ല; പ്രതിഷേധവുമായി നൂറുകണക്കിനു സ്ത്രീകള്‍, ഉദ്യോഗസ്ഥര്‍ ഓടിരക്ഷപ്പെട്ടു

പട്‌ന: ബിഹാറില്‍ മുഖ്യമന്ത്രി മഹിളാ റോസ്ഗാര്‍ യോജന പ്രകാരം വാഗ്ദാനം ചെയ്ത 10,000 രൂപയുടെ സാമ്പത്തിക സഹായം ലഭിക്കാത്തതിനെ തുടര്‍ന്ന് നൂറുകണക്കിന് സ്ത്രീകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. നവാഡ ജില്ലയിലെ സിരദ്ല മേഖലയില്‍ നടന്ന പ്രതിഷേധത്തില്‍, രോഷാകുലരായ സ്ത്രീകള്‍ തടിച്ചുകൂടിയതോടെ ‘ജീവിക’ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഓടിരക്ഷപ്പെട്ടതായി ‘പ്രഭാത് ഖബര്‍’, ‘പത്രിക’ തുടങ്ങിയ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ച പദ്ധതി പ്രകാരം 10 ലക്ഷം വനിതകളുടെ അക്കൗണ്ടുകളിലേക്ക് 10,000 രൂപ വീതം അയയയ്ക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ സിരദ്ലയിലെ നിരവധി സ്ത്രീകള്‍ക്ക് ഈ തുക ലഭിച്ചില്ല. ഇതേ തുടര്‍ന്ന് ആയിരക്കണക്കിന് സ്ത്രീകള്‍ ബുധനാഴ്ച ജീവികയുടെ പ്രാദേശിക ഓഫീസിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു.

പ്രതിഷേധക്കാര്‍ ഓഫീസിലെത്തിയതോടെ ഇന്‍ചാര്‍ജ് ബിപിഎം ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഇറങ്ങിയോടി. ഈ സമയം ഏരിയ കോര്‍ഡിനേറ്റര്‍ രാജ്കുമാറിനെ സ്ത്രീകള്‍ തടഞ്ഞുനിര്‍ത്തി തുക ലഭിക്കാത്തതിന്റെ കാരണം ആരാഞ്ഞു.

പദ്ധതിയുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ഫോം പൂരിപ്പിക്കാനായി ജീവികയുമായി ബന്ധപ്പെട്ടവര്‍ തങ്ങളില്‍ നിന്ന് 50 രൂപ മുതല്‍ 100 രൂപ വരെ വാങ്ങിയിരുന്നു. എന്നാല്‍, ഫോമുകള്‍ ശരിയായി സമര്‍പ്പിക്കുകയോ തുക അക്കൗണ്ടില്‍ എത്തുകയോ ചെയ്തില്ല. 2011 മുതല്‍ ജീവികയുമായി ബന്ധമുള്ള തങ്ങളെ മൂന്ന് മാസമായി ‘ഇന്നോ നാളെയോ’ എന്ന് പറഞ്ഞ് കബളിപ്പിക്കുകയാണെന്നും അവര്‍ ആരോപിച്ചു.

തുടര്‍ന്ന്, സ്ത്രീകള്‍ ബ്ലോക്ക് ഓഫീസിലെത്തി സര്‍ക്കിള്‍ ഓഫീസര്‍ ഭോല കുമാറിന് രേഖാമൂലം പരാതി നല്‍കി. തുക ഉടന്‍ വിതരണം ചെയ്തില്ലെങ്കില്‍ ജീവിക ഓഫീസിന് പൂട്ടുവീഴുമെന്നും റോഡ് ഉപരോധിക്കുമെന്നും പ്രതിഷേധക്കാര്‍ അധികാരികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി.

പ്രതിഷേധങ്ങള്‍ക്കിടെ, ഇന്നലെ സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 10,000 രൂപ അയച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പത്തു ലക്ഷം പേരുടെ അക്കൗണ്ടിലാണു പണം നിക്ഷേപിച്ചതെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

Also read: