ഏതുസമയവും യു.എസ് ആക്രമണത്തിന് സാധ്യത; ‘ഗറില്ലാ തന്ത്രങ്ങളി’ലൂടെ നേരിടാന്‍ വെനസ്വേലന്‍ സൈന്യം
കാരക്കാസ്: നിക്കോളാസ് മദുറോ സർക്കാരിനെതിരെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ സമ്മർദം ശക്തമാക്കുന്നതിനിടെ, പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തമാക്കി വെനസ്വേല. വെനസ്വേലയുടെ വ്യോമാതിർത്തി പൂർണമായും അടച്ചതായി കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചതോടെയാണ് യുദ്ധഭീതി കനത്തത്.
കരമാർഗമുള്ള സൈനിക നടപടിക്ക് സാധ്യതയുണ്ടെന്ന ട്രംപിന്റെ പരാമർശം ഭീഷണിക്ക് ആക്കംകൂട്ടിയിരിക്കുകയാണ്. മയക്കുമരുന്ന് വേട്ട എന്ന പേരില്‍ യു.എസ് നടത്തുന്ന സൈനിക നടപടിക്കിടെ കരീബിയൻ, പസഫിക് മേഖലകളിൽ എൺപതിലധികം പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ലാറ്റിനമേരിക്കന്‍ രാജ്യം പ്രതിരോധ സജ്ജീകരണങ്ങൾ ശക്തമാക്കിയിരിക്കുന്നത്.
സൈനിക വിഭാഗങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ അനുസരിച്ച്, വെനസ്വേലൻ സൈന്യത്തിന്റെ ശേഷി താരതമ്യേന ദുർബലമാണ്. 2013 മുതൽ അധികാരത്തിലിരിക്കുന്ന മദുറോ സൈനിക വിശ്വസ്തത ഉറപ്പുവരുത്താൻ ശ്രമിച്ചെങ്കിലും, സാധാരണ സൈനികർക്ക് പ്രതിമാസം നൂറ് ഡോളർ മാത്രമാണ് വേതനം ലഭിക്കുന്നത്. 2000കളിൽ വാങ്ങിയ 20 സുഖോയ് യുദ്ധവിമാനങ്ങൾ ഉൾപ്പെടെ റഷ്യൻ നിർമിത ഹെലികോപ്റ്ററുകളും ടാങ്കുകളും കാലഹരണപ്പെട്ടവയാണ്. സൈനിക പരിശീലനവും ഉപകരണങ്ങളും പരിമിതമാണെന്നും റിപ്പോർട്ടുകളുണ്ട്.
യു.എസ് ആക്രമണമുണ്ടായാൽ, ഗറില്ലാ ശൈലിയിലുള്ള പ്രതിരോധ തന്ത്രങ്ങളാകും വെനസ്വേലൻ സൈന്യം സ്വീകരിക്കുക എന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തുടനീളമുള്ള 280ലധികം സ്ഥലങ്ങളിൽ ചെറിയ സൈനിക യൂനിറ്റുകളെ അട്ടിമറി പ്രവർത്തനങ്ങൾക്കും ഗറില്ലാ തന്ത്രങ്ങൾക്കുമായി ചുമതലപ്പെടുത്തും. 5,000 റഷ്യൻ നിർമിത ഇഗ്ല മിസൈലുകൾ വിവിധ ഇടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.
രണ്ടാമത്തെ തന്ത്രമെന്ന നിലയിൽ, ഇന്റലിജൻസ് ഉദ്യോഗസ്ഥരും ആയുധധാരികളായ ഭരണകക്ഷി അനുഭാവികളായ ‘കോലെക്റ്റിവോസും’ തലസ്ഥാനമായ കാരക്കാസിൽ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിച്ചേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പടിഞ്ഞാറൻ വെനസ്വേലയിൽ കൊളംബിയൻ ഗറില്ലാ സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്.
വെനസ്വേലയുടെ എണ്ണ ശേഖരം ലക്ഷ്യമിട്ടാണ് അമേരിക്കയുടെ നീക്കമെന്നാണ് മദുറോ സർക്കാരിന്റെ ആരോപണം. അതേസമയം, സൈന്യത്തിന് മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടെന്ന ആരോപണം സർക്കാർ പലതവണ നിഷേധിച്ചിട്ടുണ്ട്.