‘രാജ്യത്തെ പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി അരുണ്‍ ഗോവില്‍
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ മുസ്‌ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള എം.പിയും രാമായണം സീരിയലിലൂടെ പ്രശസ്തനുമായ അരുണ്‍ ഗോവില്‍ ആണ് ലോക്സഭയിലെ ശൂന്യവേളയില്‍ ആവശ്യം ഉന്നയിച്ചത്.
രാജ്യസുരക്ഷ കണക്കിലെടുത്ത് ഒരു ‘ഏകീകൃത സുരക്ഷാ നയം'(Uniform Security Policy) നടപ്പിലാക്കണമെന്നും അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തന്റെ ആവശ്യം ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന് എതിരല്ലെന്നും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രങ്ങള്‍, ക്രൈസ്തവ ദേവാലയങ്ങള്‍, ഗുരുദ്വാരകള്‍, ആശുപത്രികള്‍, കോളേജുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങി ജനങ്ങള്‍ കൂടുന്ന മറ്റ് പൊതുയിടങ്ങളിലെല്ലാം ഇതിനകം സിസിടിവികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് സുതാര്യത ഉറപ്പാക്കാനും കുറ്റകൃത്യങ്ങള്‍ തടയാനും സഹായിക്കുന്നുണ്ട്. എന്നാല്‍, ആളുകള്‍ ധാരാളമായി എത്തുന്ന മസ്ജിദുകളിലും മദ്രസകളിലും ഇത്തരം നിരീക്ഷണ സംവിധാനങ്ങള്‍ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദേശരാജ്യങ്ങളിലെ രീതികള്‍ ചൂണ്ടിക്കാട്ടിയാണ് അരുണ്‍ ഗോവില്‍ തന്റെ വാദം ശക്തമാക്കിയത്. ‘സൗദി അറേബ്യയിലെ മക്കയിലും അവിടുത്തെ മദ്രസകളിലും സുരക്ഷയ്ക്കായി സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വലിയ മതപ്രാധാന്യമുള്ള അത്തരം സ്ഥലങ്ങളില്‍ സിസിടിവി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍, ഇന്ത്യയില്‍ അത് നടപ്പിലാക്കുന്നതില്‍ എന്തിനാണ് മടി കാണിക്കുന്നത്?’- അരുണ്‍ ഗോവില്‍ ചോദിച്ചു.