01/04/2026
[fontresizer_tawhidurrahmandear_widget]

പുടിനായുള്ള അത്താഴവിരുന്ന്: രാഹുലിനെയും ഖാർഗെയെയും ഒഴിവാക്കി; തരൂർ പങ്കെടുക്കുന്നതിനെതിരെ പവൻ ഖേര

 പുടിനായുള്ള അത്താഴവിരുന്ന്: രാഹുലിനെയും ഖാർഗെയെയും ഒഴിവാക്കി; തരൂർ പങ്കെടുക്കുന്നതിനെതിരെ പവൻ ഖേര

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് രാഷ്ട്രപതി ദ്രൗപദി മുർമു നൽകുന്ന അത്താഴവിരുന്നിൽ പങ്കെടുക്കാനുള്ള ശശി തരൂരിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് വക്താവ് പവൻ ഖേര രംഗത്ത്. പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയെയും ക്ഷണിക്കാത്ത ചടങ്ങിൽ തരൂർ പങ്കെടുക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ് ഖേരയുടെ വിമർശനം.

​സർക്കാർ ക്ഷണം സ്വീകരിച്ച തരൂരിന്റെ നടപടി അത്ഭുതപ്പെടുത്തുന്നുവെന്ന് ഖേര പറഞ്ഞു. “ക്ഷണിച്ചവരും അത് സ്വീകരിച്ചവരും അത്ഭുതപ്പെടുത്തുന്നു. എന്റെ നേതാക്കളെ ക്ഷണിക്കാത്തപ്പോൾ എന്നെ മാത്രം ക്ഷണിക്കുന്നത് എന്തിനാണെന്നും, ആരാണ് ഇതിന് പിന്നിലെന്ന് നമ്മൾ മനസ്സിലാക്കണം. ആ കളിയിൽ നമ്മൾ ഭാഗമാകാൻ പാടില്ല” – ഖേര മാധ്യമങ്ങളോട് പറഞ്ഞു.

​ജനാധിപത്യ മര്യാദകളും പ്രോട്ടോക്കോളുകളും ലംഘിച്ചാണ് സർക്കാർ പ്രതിപക്ഷ നേതാക്കളെ ഒഴിവാക്കിയതെന്ന് കോൺഗ്രസ് ആരോപിച്ചു. രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയെയും വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് സ്ഥിരീകരിച്ചു.

​അതേസമയം, രാഷ്ട്രപതി ഭവന്റെ പ്രോട്ടോക്കോൾ പ്രകാരമാണ് ക്ഷണം ലഭിച്ചതെന്നും വിരുന്നിൽ പങ്കെടുക്കുമെന്നും ശശി തരൂർ വ്യക്തമാക്കി. ഇതൊരു ബഹുമതിയായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളിൽ പാർലമെന്ററി സമിതി അധ്യക്ഷന്മാർ ഉൾപ്പെടെയുള്ള എംപിമാരെ ഇത്തരം ചടങ്ങുകളിൽ ക്ഷണിക്കാറുണ്ടായിരുന്നുവെന്നും തരൂർ ചൂണ്ടിക്കാട്ടി. പുടിന്റെ സന്ദർശനം ഇന്ത്യ-റഷ്യ ബന്ധത്തിൽ നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​കോൺഗ്രസ് നേതൃത്വവും ശശി തരൂരും തമ്മിലുള്ള അഭിപ്രായഭിന്നതകൾ നിലനിൽക്കെയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. കേരളത്തിലെ സാമ്പത്തിക വിഷയങ്ങളിലും കുടുംബവാഴ്ചാ രാഷ്ട്രീയത്തിനെതിരെയും തരൂർ നടത്തിയ പരാമർശങ്ങൾ നേരത്തെ പാർട്ടിയിൽ അതൃപ്തി ഉണ്ടാക്കിയിരുന്നു. സർക്കാർ ഈ ഭിന്നത മുതലെടുക്കുകയാണെന്ന സൂചനയാണ് പവൻ ഖേരയുടെ വാക്കുകൾ..

Also read: