മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീൽ അന്തരിച്ചു
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ സ്വകാര്യ വസതിയിലാണ് അന്ത്യം.
1991 മുതൽ 1996 വരെ ലോക്‌സഭാ സ്പീക്കറായും, 2004 മുതൽ 2008 വരെ ഒന്നാം യുപിഎ സർക്കാരിൽ (മൻമോഹൻ സിങ് മന്ത്രിസഭ) കേന്ദ്ര ആഭ്യന്തര മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് (26/11) പിന്നാലെ സുരക്ഷാ വീഴ്ചയുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം ആഭ്യന്തര മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ നിർണ്ണായക സംഭവമായിരുന്നു.
2010 മുതൽ 2015 വരെ പഞ്ചാബ് ഗവർണറായും ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേറ്ററായും സേവനമനുഷ്ഠിച്ചു. രാജസ്ഥാൻ ഗവർണറുടെ അധിക ചുമതലയും വഹിച്ചിട്ടുണ്ട്.
ലാത്തൂർ മണ്ഡലത്തിൽ നിന്ന് 1973 മുതൽ 1979 വരെ മഹാരാഷ്ട്ര നിയമസഭയിലേക്കും, 1980 മുതൽ 2004 വരെ ഏഴ് തവണ ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
നെഹ്‌റു-ഗാന്ധി കുടുംബവുമായി, പ്രത്യേകിച്ച് ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു ശിവരാജ് പാട്ടീൽ.
സംസ്കാരം ലാത്തൂരിൽ നടക്കും.