ഫലസ്തീൻ അംഗീകാരം ഭീകരാക്രമണത്തിന് കാരണമായില്ല; നെതന്യാഹുവിന്റെ വാദം തള്ളി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി
സിഡ്‌നി: ഓസ്‌ട്രേലിയ ഫലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിച്ചതാണ് ബോണ്ടി ബീച്ചിലെ ഹനുക്ക ആഘോഷത്തിനിടെയുണ്ടായ ഭീകരാക്രമണത്തിന് വഴിവെച്ചതെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആരോപണം ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ് തള്ളി. കഴിഞ്ഞ ദിവസം എബിസി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
2025 സെപ്റ്റംബറിൽ ഫലസ്തീനെ അംഗീകരിച്ചതും ബോണ്ടി ബീച്ചിലെ വെടിവെപ്പും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചോദ്യത്തിന് “ഇല്ല, ഞാൻ അങ്ങനെ കരുതുന്നില്ല” എന്നായിരുന്നു അൽബാനീസിന്റെ മറുപടി.
ഡിസംബർ 14-ന് സിഡ്‌നിയിലെ ബോണ്ടി പവലിയനിൽ നടന്ന ‘ഹനുക്ക ബൈ ദി സീ’ ആഘോഷങ്ങൾക്കിടെയായിരുന്നു ദാരുണമായ ആക്രമണം ഉണ്ടായത്. പിതാവും മകനും ചേർന്ന് നടത്തിയ വെടിവെപ്പിൽ കുട്ടികളും ഹോളോകോസ്റ്റ് അതിജീവകനും വിദേശ സഞ്ചാരികളുമടക്കം 15 പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 1996-ന് ശേഷം ഓസ്‌ട്രേലിയ കണ്ട ഏറ്റവും വലിയ ഈ ഭീകരാക്രമണത്തിൽ, മുഖ്യപ്രതിയെ പോലീസ് സംഭവസ്ഥലത്തുവെച്ചുതന്നെ വധിക്കുകയും പരിക്കേറ്റ രണ്ടാമത്തെയാളെ പിടികൂടുകയും ചെയ്തിരുന്നു.
ആക്രമണത്തിന് പിന്നാലെ രൂക്ഷമായ ആരോപണങ്ങളുമായി നെതന്യാഹു രംഗത്തെത്തിയിരുന്നു. ഫലസ്തീനെ അംഗീകരിക്കുന്നത് ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടുമെന്നും ഭീകരവാദത്തിന് പാരിതോഷികം നൽകുന്നതിന് തുല്യമാണെന്നും കാണിച്ച് ആഗസ്റ്റിൽ താൻ അൽബാനീസിന് കത്തയച്ചിരുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയൻ സർക്കാർ ജൂതവിരുദ്ധത തടയാൻ കാര്യമായൊന്നും ചെയ്യുന്നില്ലെന്നും ദുരന്തത്തിന് ഉത്തരവാദി സർക്കാരിന്റെ ഈ നിലപാടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗസ്സ സംഘർഷത്തിന് പരിഹാരമായി ദ്വിരാഷ്ട്ര ഫോർമുല നടപ്പിലാക്കുന്നതിന്റെ ഭാഗമായി കാനഡ, യുകെ എന്നിവർക്കൊപ്പം 2025 സെപ്റ്റംബർ 21-നാണ് ഓസ്‌ട്രേലിയ ഫലസ്തീനെ ഔദ്യോഗികമായി അംഗീകരിച്ചത്. അന്ന് ഈ തീരുമാനത്തെ ‘ഹമാസിനുള്ള പാരിതോഷികം’ എന്ന് വിശേഷിപ്പിച്ച് നെതന്യാഹു എതിർത്തിരുന്നു. എന്നാൽ, മധ്യപൂർവേഷ്യയിലെ സമാധാനത്തിന് ലോകരാജ്യങ്ങൾ അംഗീകരിക്കുന്ന മാർഗമാണ് ദ്വിരാഷ്ട്ര പരിഹാരമെന്ന് അൽബാനീസ് ആവർത്തിച്ചു വ്യക്തമാക്കി.
നെതന്യാഹുവിന്റെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ഐക്യരാഷ്ട്രസഭയുടെ സ്പെഷ്യൽ റിപ്പോർട്ടർ ബെൻ സോൾ വിമർശിച്ചു. വിദ്വേഷ പ്രസംഗങ്ങൾ തടയുക, നാസി ചിഹ്നങ്ങൾ നിരോധിക്കുക, ജൂത സമൂഹത്തിന് സുരക്ഷാ ഫണ്ട് വർദ്ധിപ്പിക്കുക തുടങ്ങി ശക്തമായ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് അൽബാനീസ് ചൂണ്ടിക്കാട്ടി. അതേസമയം, ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ തോക്ക് നിയമങ്ങൾ കൂടുതൽ കർശനമാക്കുമെന്ന് മന്ത്രിസഭ അറിയിച്ചു.