‘തെറ്റ് തെറ്റ് തന്നെയാണ്, അത് വിളിച്ചുപറഞ്ഞതില്‍ ആര്‍ക്ക് വിഷമമുണ്ടായാലും പ്രശ്‌നമില്ല’; റിപബ്ലിക് ടിവിയുടെ നിലപാട് മാറ്റത്തെക്കുറിച്ച് അര്‍ണബ് ഗോസ്വാമി
ന്യൂഡല്‍ഹി: റിപബ്ലിക് ടിവിയുടെ നിലപാട് മാറ്റത്തില്‍ വിശദീകരണവുമായി ചാനല്‍ മേധാവിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ അര്‍ണബ് ഗോസ്വാമി. തെറ്റ് തെറ്റു തന്നെയാണെന്നും അതു വിളിച്ചു പറഞ്ഞതില്‍ ആര്‍ക്കു വിഷമമുണ്ടായാലും തനിക്കു പ്രശ്‌നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റിപബ്ലിക് ടിവിയില്‍ നടത്തിയ ലൈവ് ‘ആസ്‌ക് മീ എനിതിങ്’ പരിപാടിയിലായിരുന്നു അര്‍ണബിന്റെ പ്രതികരണം. രാഷ്ട്രീയ-മാധ്യമ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ബിജെപിക്കും മോദി സര്‍ക്കാരിനുമെതിരെ തിരിഞ്ഞതിലാണ് അദ്ദേഹം വ്യക്തത വരുത്തിയിരിക്കുന്നത്.
‘എന്തുകൊണ്ട് റിപബ്ലിക്കും അര്‍ണബും പെട്ടെന്ന് സര്‍ക്കാരിനെതിരെ തിരിഞ്ഞു?’ എന്ന മുംബൈയില്‍ നിന്നുള്ള ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് അര്‍ണബ് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു:
”ഉത്തരം ലളിതമാണ്. ഇതിനെ സര്‍ക്കാര്‍ അനുകൂലമെന്നോ സര്‍ക്കാര്‍ വിരുദ്ധമെന്നോ കാണുന്നത് പൂര്‍ണമായും തെറ്റാണ്. നിങ്ങള്‍ ക്യാമ്പയിന്‍ ചെയ്യുന്നില്ലെങ്കില്‍ ഈ രാജ്യം മാറില്ല. നിങ്ങള്‍ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ ആരും നിങ്ങളെ കേള്‍ക്കില്ല. നിങ്ങളുടെ മാധ്യമപ്രവര്‍ത്തനത്തിന് കൃത്യമായ ഒരു ലക്ഷ്യം ഉണ്ടായിരിക്കണം. ജനങ്ങളുടെ സൂക്ഷ്മപരിശോധനയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് എനിക്ക് ശക്തമായ ബോധ്യമുണ്ട്. ജനങ്ങള്‍ ശാക്തീകരിക്കപ്പെടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.”
അരവല്ലി കേസില്‍ സംഭവിച്ചത് തെറ്റാണെന്നും അര്‍ണബ് ചൂണ്ടിക്കാട്ടി. ഇതില്‍ സര്‍ക്കാര്‍ അനുകൂലമോ പ്രതികൂലമോ, രാഷ്ട്രീയ പാര്‍ട്ടി അനുകൂലമോ പ്രതികൂലമോ ആയ ഒന്നുമില്ല. ഇതില്‍ ശരിയും തെറ്റും മാത്രമേയുള്ളൂ. ശരിയും തെറ്റും മാത്രം. ബഹുമാനപ്പെട്ട ജഡ്ജിമാരോട് എല്ലാ ആദരവും നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ, അരവല്ലി കേസിലെ നവംബര്‍ 20-ലെ കോടതി ഉത്തരവ് തെറ്റാണെന്ന് എനിക്ക് തോന്നി. (കോടതി ഇപ്പോള്‍ അത് റദ്ദാക്കിയിട്ടില്ല, താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്). അത് തെറ്റാണെന്ന് ഞാന്‍ പറയുന്നത് കേട്ട് ആര്‍ക്ക് വിഷമമുണ്ടായാലും എനിക്ക് പ്രശ്‌നമല്ല. തെറ്റ് തെറ്റ് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീം കോടതി ജഡ്ജി സൂര്യകാന്തിനും ഈ കാര്യത്തിലെ തെറ്റ് ബോധ്യപ്പെട്ടു. എനിക്ക് ഇതിന്റെ ക്രെഡിറ്റ് വേണ്ട. സുപ്രീം കോടതിയില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ആരില്‍ നിന്നും റിപബ്ലിക് ടിവിക്ക് അംഗീകാരം ആവശ്യമില്ല. ഞങ്ങള്‍ ശരിയുടെ പക്ഷത്താണ്. എന്നാല്‍ കോടതിക്കും സര്‍ക്കാരിനും എല്ലാവര്‍ക്കും ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസം മനസ്സിലാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആരെങ്കിലും അത് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടേണ്ടതുണ്ട്. ഞങ്ങള്‍ അത് ചെയ്യാന്‍ തീരുമാനിച്ചുവെന്നും അര്‍ണബ് കൂട്ടിച്ചേര്‍ത്തു.
അരവല്ലി കേസില്‍ കേന്ദ്ര സര്‍ക്കാരിനും അദാനി ഗ്രൂപ്പിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് അര്‍ണബ് നടത്തിയിരുന്നത്. സമാനമായി രാജസ്ഥാനില്‍ ബിജെപി എംഎല്‍എയുടെ മകന്റെ വിവാഹ ചടങ്ങില്‍ നടന്ന ലക്ഷങ്ങള്‍ പൊടിപൊടിച്ചുള്ള കരിമരുന്ന് പ്രയോഗത്തിലും വിമര്‍ശനം നടത്തി. ഏറെ ശ്രദ്ധേയമായത് ഉന്നാവോ ബലാത്സംഗക്കേസില്‍ കുറ്റാരോപിതനായ ബിജെപി നേതാവ് ദിലീപ് സിങ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച നടപടിയിലും അര്‍ണബ് ആഞ്ഞടിച്ചിരുന്നു.