27/01/2026

പുടിന്റെ വസതിക്കു നേരെ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം? ദൃശ്യങ്ങള്‍ പുറത്തുവിട്ട് റഷ്യ; വ്യാജ ആരോപണമെന്ന് യുക്രൈന്‍

 പുടിന്റെ വസതിക്കു നേരെ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം? ദൃശ്യങ്ങള്‍ പുറത്തുവിട്ട് റഷ്യ; വ്യാജ ആരോപണമെന്ന് യുക്രൈന്‍

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വഌദിമിർ പുടിന്റെ വസതിക്ക് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതായി റഷ്യ ആരോപിച്ചു. നോവ്‌ഗൊറോദ് മേഖലയിലെ പുടിന്റെ വസതി ലക്ഷ്യമിട്ട് ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നതെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെടുന്നത്. എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സമാധാന ചർച്ചകൾ അട്ടിമറിക്കാനുള്ള റഷ്യയുടെ നീക്കമാണിതെന്നും യുക്രെയ്ൻ തിരിച്ചടിച്ചു.

വാൽദായ് ജില്ലയിലെ അതീവ സുരക്ഷാ മേഖലയിൽ തകർന്നു വീണ ഡ്രോണിന്റെ ദൃശ്യങ്ങൾ റഷ്യ പുറത്തുവിട്ടു. വനപ്രദേശത്ത് മഞ്ഞുവീഴ്ചക്കിടെ കിടക്കുന്ന ഡ്രോൺ ആസൂത്രിതമായ ആക്രമണത്തിന്റെ ഭാഗമാണെന്ന് മന്ത്രാലയം പറയുന്നുണ്ട്. സിവിലിയൻ വസ്തുക്കളെയും മനുഷ്യരെയും നശിപ്പിക്കാൻ ശേഷിയുള്ള സ്‌ഫോടകവസ്തുക്കൾ ഇതിലുണ്ടായിരുന്നുവെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് വ്യക്തമാക്കി. ഏകദേശം 91 ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ഇവയെല്ലാം വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞതായും റഷ്യ അവകാശപ്പെട്ടു.

വീഡിയോയിലെ ദുരൂഹതയും എഐ സംശയവും
റഷ്യ പുറത്തുവിട്ട ദൃശ്യങ്ങളുടെ ആധികാരികതയിൽ ഇതിനകം തന്നെ ചോദ്യങ്ങൾ ഉയർന്നു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് വസ്തുതാ പരിശോധകർ ചൂണ്ടിക്കാട്ടുന്നുത്. മഞ്ഞിലൂടെ വാഹനം സഞ്ചരിച്ച ടയർ അടയാളങ്ങളുടെ അഭാവം, ശബ്ദത്തിലെ പൊരുത്തക്കേടുകൾ എന്നിവയാണ് പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്. എക്‌സിന്റെ (X) കമ്മ്യൂണിറ്റി നോട്ട് വിഭാഗവും ഈ വീഡിയോ എഐ നിർമ്മിതമാകാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇൻസ്റ്റിറ്റിയൂട്ട് ഫോർ ദി സ്റ്റഡി ഓഫ് വാർ (ISW) നടത്തിയ നിരീക്ഷണത്തിലും റഷ്യയുടെ വാദങ്ങൾ ശരിവെക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ല.

രാജ്യാന്തര പ്രതികരണങ്ങൾ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക രേഖപ്പെടുത്തി. മേഖലയിൽ സമാധാനം ഉറപ്പാക്കാൻ നയതന്ത്ര ശ്രമങ്ങൾ ഊർജ്ജിതമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, ഒരിക്കലും നടക്കാത്ത ഒരു കാര്യത്തിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചതിൽ യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ നിരാശ പ്രകടിപ്പിച്ചു. യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാദിമർ സെലെൻസ്‌കി അമേരിക്കയിൽ ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്ന സമയത്താണ് റഷ്യ ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്നതും ശ്രദ്ധേയമാണ്.

സമാധാന ശ്രമങ്ങളെ പാളം തെറ്റിക്കാനുള്ള റഷ്യയുടെ ‘കെട്ടിച്ചമച്ച നാടകമാണ്’ ഇതെന്ന് യൂറോപ്യൻ യൂണിയനും ഫ്രാൻസും പ്രതികരിച്ചു. ആരോപണങ്ങൾ തെളിയിക്കാനുള്ള യാതൊരു രേഖകളും റഷ്യയുടെ പക്കലില്ലെന്ന് പടിഞ്ഞാറൻ രാജ്യങ്ങൾ ഒരേ സ്വരത്തിൽ പറയുന്നു.

Also read: