ഫീനിക്‌സ് പക്ഷിയായി പറന്നുയര്‍ന്നത് 2,300 ഡ്രോണുകൾ; ലോക റെക്കോർഡ് കുറിച്ച് റാസൽഖൈമ
റാസൽഖൈമ: ആകാശപ്പൂരത്തിന്റെ വിസ്മയക്കാഴ്ചകളുമായി റാസൽഖൈമ പുതുവർഷത്തെ വരവേറ്റു. 2,300 ഡ്രോണുകൾ അണിനിരന്ന പൈറോഡ്രോൺ പ്രദർശനത്തിലൂടെ പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് കുറിച്ചാണ് എമിറേറ്റ് 2026ലേക്ക് ചുവടുവെച്ചത്. ആകാശത്ത് ഡ്രോണുകൾ ഉപയോഗിച്ച് തീർത്ത ‘ഫീനിക്‌സ് പക്ഷി’യുടെ ഏറ്റവും വലിയ രൂപത്തിനാണ് ഇത്തവണത്തെ റെക്കോർഡ് ലഭിച്ചത്.
പുതുവർഷത്തലേന്ന് ഉച്ചകഴിഞ്ഞ് മുതൽ തന്നെ റാസൽഖൈമയിലെ തീരപ്രദേശങ്ങളിലേക്ക് ജനപ്രവാഹം തുടങ്ങിയിരുന്നു. അൽ മർജാൻ ഐലൻഡ് മുതൽ അൽ ഹംറ വരെയുള്ള ആറ് കിലോമീറ്റർ നീളുന്ന തീരദേശത്ത് സ്വദേശികളും വിദേശികളുമടക്കം ആയിരക്കണക്കിന് ആളുകളാണ് ഒത്തുകൂടിയത്. സമാധാനപരവും എന്നാൽ ഉത്സവപ്രതീതി നിറഞ്ഞതുമായ അന്തരീക്ഷമാണ് എമിറേറ്റിലുടനീളം ദൃശ്യമായത്. തത്സമയ സംഗീത പരിപാടികൾ, വിനോദ വിരുന്നുകൾ, വൈവിധ്യമാർന്ന ഭക്ഷണശാലകൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
അർദ്ധരാത്രി പന്ത്രണ്ട് മണിയോടെ ആഘോഷങ്ങൾ അതിന്റെ പാരമ്യത്തിലെത്തി. 1,000 പൈറോ ഡ്രോണുകൾ ഉൾപ്പെടെ ആകെ 2,300 ഡ്രോണുകൾ രാത്രി ആകാശത്ത് അത്ഭുതം വിരിയിച്ചു. ശുഭാപ്തിവിശ്വാസത്തിന്റെയും പുനർജന്മത്തിന്റെയും പ്രതീകമായ ഫീനിക്‌സ് പക്ഷിയെ ആകാശത്ത് പുനരാവിഷ്‌കരിച്ച ഡ്രോൺ ഷോ പതിനഞ്ച് മിനിറ്റോളം നീണ്ടുനിന്നു. ഇതിന് പിന്നാലെ കൃത്യമായി സമയബന്ധിതമായി നടന്ന വെടിക്കെട്ട് തീരപ്രദേശത്തെ വർണ്ണാഭമാക്കി. കോർണിഷ് അൽ ഖവാസിമിലും വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചത്.
ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമായി റാസൽഖൈമയെ മാറ്റുന്നതിൽ ആഘോഷങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് റാസൽഖൈമ ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി (RAKTDA) സിഇഒ ഫിലിപ്പ ഹാരിസൺ പറഞ്ഞു. വെറുമൊരു റെക്കോർഡ് എന്നതിലുപരി, സന്ദർശകർക്ക് അവിസ്മരണീയമായ അനുഭവങ്ങൾ സമ്മാനിക്കാനാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന ഒരു വർഷത്തെ പ്രതീക്ഷയോടെ വരവേൽക്കാൻ ഏവർക്കും സാധിച്ചുവെന്നതാണ് ഈ പരിപാടിയുടെ വിജയമെന്നും അദ്ദേഹം വ്യക്തമാക്കി.