‘അടുത്തത് ക്യൂബ, പിന്നെ കൊളംബിയ’: ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ യുദ്ധപ്രഖ്യാപനവുമായി ട്രംപ്
മിഗ്വേൽ ഡയസ് കാനൽ, ഗുസ്താവോ പെട്രോ, ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: വെനസ്വേലയിലെ സൈനിക നടപടികള്‍ക്കു പിന്നാലെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ കടുത്ത ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ക്യൂബ, കൊളംബിയ, മെക്സിക്കോ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ട്രംപിന്റെ പുതിയ നീക്കങ്ങള്‍. ക്യൂബന്‍ ഭരണകൂടം തകര്‍ച്ചയുടെ വക്കിലാണെന്നും കൊളംബിയയില്‍ സൈനിക നടപടിക്ക് മടിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
മയക്കുമരുന്ന് കടത്തും അനധികൃത കുടിയേറ്റവും തടയുന്നതിന്റെ ഭാഗമാണെന്നു പറഞ്ഞാണ് ട്രംപ് അയല്‍രാജ്യങ്ങള്‍ക്കെതിരെ അധിനിവേശനീക്കം നടത്തുന്നത്. ട്രംപിന്റെ പരാമര്‍ശങ്ങള്‍ ലാറ്റിനമേരിക്കയില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.
ക്യൂബന്‍ കമ്യൂണിസ്റ്റ് ഭരണകൂടം ഏത് നിമിഷവും തകരുമെന്നാണ് ട്രംപ് പറയുന്നത്. ‘ക്യൂബ വീഴാന്‍ തയ്യാറായി നില്‍ക്കുകയാണ്’ എന്നാണ് യുഎസ് പ്രസിഡന്റ് പറഞ്ഞത്. ട്രംപിന്റെ വാക്കുകള്‍, ക്യൂബയില്‍ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള അമേരിക്കന്‍ ഇടപെടലുണ്ടാകുമെന്ന സൂചനയാണ് നല്‍കുന്നത്.
കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്‌ക്കെതിരെയും രൂക്ഷമായ ഭാഷയിലാണ് ട്രംപ് പ്രതികരിച്ചത്. കൊളംബിയ കേന്ദ്രീകരിച്ച് ഒരു പുതിയ സൈനിക നടപടി നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അത് തനിക്ക് ‘നല്ലതായി തോന്നുന്നു’വെന്നുമാണ് ട്രംപ് പറഞ്ഞത്. മയക്കുമരുന്ന് സംഘങ്ങളെ തകര്‍ക്കാനെന്ന പേരിലാണ് കൊളംബിയയുടെ പരമാധികാരത്തിന് മേലുള്ള ട്രംപിന്റെ ഭീഷണി.
അതിര്‍ത്തി സുരക്ഷയുടെ പേരില്‍ മെക്സിക്കോയ്‌ക്കെതിരെയും ട്രംപ് സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. മെക്സിക്കോ വഴിയുള്ള മയക്കുമരുന്ന് കടത്ത് തടയാന്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന.
ട്രംപിന്റെ ഭീഷണികള്‍ക്കെതിരെ അന്താരാഷ്ട്രതലത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ പരമാധികാരത്തില്‍ കൈകടത്തി, അധിനിവേശം നടത്താനുള്ള നീക്കമാണിതെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഉള്‍പ്പെടെയുള്ളവര്‍ ട്രംപിന്റെ ഭീഷണികള്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.