‘ക്ഷേത്രം ഭാരവാഹികള്‍ എതിര്‍ത്തിട്ടും എന്തിന് തിടുക്കപ്പെട്ട് പുതിയ ആചാരത്തിന് അനുമതി നല്‍കി?’; തിരുപ്പറങ്കുണ്ഡ്രം സിക്കന്ദര്‍ ബാദുഷ ദര്‍ഗ കാര്‍ത്തിക ദീപം കേസില്‍ മുന്‍ ജഡ്ജി
മധുര: മധുരയിലെ തിരുപ്പറങ്കുണ്ഡ്രം മലമുകളിലെ ദര്‍ഗയ്ക്ക് സമീപം കാര്‍ത്തിക ദീപം തെളിയിക്കാന്‍ അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ജഡ്ജി ജസ്റ്റിസ് എസ്.എസ് സുന്ദര്‍. മധുരയിലെ തിരുപ്പറങ്കുണ്ഡ്രം മലയില്‍ ദീപം തെളിയിക്കാന്‍ അനുമതി നല്‍കിയ ജസ്റ്റിസ് ജി.ആര്‍ സ്വാമിനാഥന്റെ ഉത്തരവ് നടപ്പാക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ വിസമ്മതിച്ച പശ്ചാത്തലത്തിലാണ് മുന്‍ ജഡ്ജിയുടെ ഈ ഇടപെടല്‍. ക്ഷേത്രം ഭാരവാഹികള്‍ എതിര്‍ത്തിട്ടും, ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന് സര്‍ക്കാരും പോലീസും വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടും, പുതിയൊരു മതാചാരത്തിന് കോടതി എങ്ങനെ അനുമതി നല്‍കുമെന്ന് അദ്ദേഹം ചോദിച്ചു.
മധുരയിലെ തിരുപ്പറങ്കുണ്ഡ്രം മലയാണ് ഈ തര്‍ക്കങ്ങളുടെ കേന്ദ്രബിന്ദു. ഇവിടെയാണ് പ്രശസ്തമായ അരുള്‍മിഗു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും ഹസ്രത്ത് സുല്‍ത്താന്‍ സിക്കന്ദര്‍ ബാദുഷ ദര്‍ഗയും സ്ഥിതി ചെയ്യുന്നത്. ദര്‍ഗയില്‍നിന്ന് ഏകദേശം 15 മീറ്റര്‍ മാത്രം അകലെയുള്ള ‘ദീപത്തൂണ്‍’ എന്ന കല്‍വിളക്കില്‍ കാര്‍ത്തിക ദീപം തെളിയിക്കണമെന്ന ഹിന്ദു മക്കള്‍ കക്ഷി, ഹിന്ദു മുന്നണി തുടങ്ങിയ ഹിന്ദുത്വ സംഘടനകളുടെ ആവശ്യമാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണം.
സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ആഞ്ഞടിച്ച ജസ്റ്റിസ് സുന്ദര്‍, ക്ഷേത്ര ഭരണസമിതിയുടെ (ദേവസ്ഥാനം) നിലപാട് പോലും കോടതി പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി. ‘സാധാരണ ദീപം തെളിയിക്കാറുള്ള സ്ഥലത്തല്ലാതെ മറ്റെവിടെയെങ്കിലും ദീപം തെളിയിക്കുന്നതിനെ ക്ഷേത്ര അധികൃതരായ ദേവസ്ഥാനം തന്നെ എതിര്‍ത്തിരുന്നു. ക്ഷേത്ര അധികൃതര്‍ എതിര്‍ത്തിട്ടും, ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന് സര്‍ക്കാര്‍ രേഖാമൂലം അറിയിച്ചിട്ടും, കോടതി എങ്ങനെയാണ് പുതിയൊരു ആചാരത്തിന് അനുമതി നല്‍കുക?’ – അദ്ദേഹം ചോദിച്ചു. സര്‍ക്കാരിന്റെയും പോലീസിന്റെയും ആശങ്കകള്‍ ശരിവെക്കുന്നതാണ് ഔദ്യോഗിക രേഖകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരം അതീവ ഗൗരവകരമായ വിഷയങ്ങളില്‍ തിടുക്കത്തില്‍ പുറപ്പെടുവിക്കുന്ന വിധികള്‍ സംസ്ഥാനത്തുടനീളം വര്‍ഗീയ ചേരിതിരിവിനും സമാധാന ലംഘനത്തിനും വഴിവെക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ‘യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ കണ്ടെത്തി അര്‍ത്ഥവത്തായ പരിഹാരം കാണുന്നതിന് പകരം, വിവേകശൂന്യമായ ‘അതിബുദ്ധി’ പ്രകടിപ്പിക്കാനാണ് ചില ജഡ്ജിമാര്‍ ശ്രമിക്കുന്നത്,’ എന്ന് ജസ്റ്റിസ് എസ്.എസ് സുന്ദര്‍ നിരീക്ഷിച്ചു.
മുന്‍പ് നിലവിലില്ലാത്ത ഒരു ആചാരം നടപ്പാക്കാന്‍ റിട്ട് ഹരജിയിലൂടെ ആവശ്യപ്പെടുന്നത് നിലനില്‍ക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 25-ാം അനുച്ഛേദം മതസ്വാതന്ത്ര്യം നല്‍കുന്നുണ്ടെങ്കിലും, അത് നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. തിരുപ്പറങ്കുണ്ഡ്രം മലമുകളില്‍ ദീപം തെളിയിക്കുന്നത് പരമ്പരാഗതമായ ആചാരമാണെന്ന് തെളിയിക്കാന്‍ സാധിച്ചിട്ടില്ല. അത്തരം കീഴ്വഴക്കങ്ങള്‍ കോടതി അംഗീകരിച്ചിട്ടില്ലെന്നും ജസ്റ്റിസ് എസ്.എസ് സുന്ദര്‍ വ്യക്തമാക്കി.
ഹിന്ദു മക്കള്‍ കക്ഷി നേതാവ് രാം രവികുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലായിരുന്നു ജസ്റ്റിസ് ജി.ആര്‍ സ്വാമിനാഥന്‍ വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. ഡിസംബര്‍ നാലിന് പോലീസ് സംരക്ഷണത്തില്‍ ദീപം തെളിയിക്കാന്‍ കോടതി നിര്‍ദേശിച്ചെങ്കിലും, ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഇത് നടപ്പാക്കിയില്ല.
അതേസമയം, തര്‍ക്കവിഷയമായ ‘ദീപത്തൂണ്‍’ ഹിന്ദു ആചാരപ്രകാരമുള്ളതല്ലെന്നും അത് ജൈന പാരമ്പര്യവുമായി ബന്ധപ്പെട്ടതാണെന്നുമാണ് തമിഴ്നാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. പുരാതന കാലത്ത് ജൈന സന്യാസിമാര്‍ക്ക് വെളിച്ചം ലഭിക്കാന്‍ ഉപയോഗിച്ചിരുന്നതാണ് ഈ തൂണെന്നും, ഇതിന് ഹിന്ദു ആചാരങ്ങളുമായി ബന്ധമില്ലെന്നും പുരാവസ്തു രേഖകള്‍ ഉദ്ധരിച്ച് സര്‍ക്കാര്‍ വാദിച്ചു. 1920ല്‍ ദര്‍ഗയ്ക്ക് ലഭിച്ച ഭൂമിയാണിതെന്നും, ന്യൂനപക്ഷ സമുദായത്തിന് അസൗകര്യമുണ്ടാക്കുന്ന രീതിയില്‍ ആളുകള്‍ തടിച്ചുകൂടുന്നത് തടയണമെന്നും ദര്‍ഗയുടെ അഭിഭാഷകനും വാദിച്ചു. ജസ്റ്റിസ് സ്വാമിനാഥനെതിരെ ‘ഇന്‍ഡ്യ’ സഖ്യം എംപിമാര്‍ ഇംപീച്ച്മെന്റ് നീക്കം നടത്തുന്നതിനിടെയാണ് ഈ വിഷയം തമിഴ്നാട്ടില്‍ വലിയ രാഷ്ട്രീയ, മത, നിയമ പോരാട്ടമായി മാറിയിരിക്കുന്നത്.