പുലര്‍ച്ചെ മുതല്‍ ചോദ്യം ചെയ്യല്‍; പോറ്റിയുമായുള്ള ബന്ധത്തില്‍ വീണു-ഒടുവില്‍ തന്ത്രി കണ്ഠര് രാജീവര് അറസ്റ്റില്‍
കണ്ഠര് രാജീവര്
തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക വഴിത്തിരിവ്. ശബരിമല തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് തന്ത്രിയെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം വിളിപ്പിച്ചു വരുത്തിയിരുന്നു. മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി കടുപ്പിച്ചത്. കേസില്‍ തന്ത്രിക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന.
ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ തന്ത്രി ഹാജരായത്. തുടര്‍ന്ന് എസ്‌ഐടി സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തു. സ്വര്‍ണം കാണാതായതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തന്ത്രി നല്‍കിയ വിശദീകരണങ്ങള്‍ തൃപ്തികരമായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടൊപ്പം പോറ്റിയുമായുള്ള ബന്ധവും സ്വര്‍ണപ്പാളികള്‍ പുറത്തുൊകണ്ടുപോകാന്‍ തന്ത്രി നല്‍കിയ കുറിപ്പും തിരിച്ചടിയാകുകയായിരുന്നു.
കവര്‍ച്ചയ്ക്ക് പിന്നില്‍ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന സംശയത്തിലാണ് പോലീസ്. തന്ത്രിയുടെ അറസ്റ്റോടെ കേസ് അന്വേഷണം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.
ശബരിമലയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു തന്ത്രി ഇത്തരമൊരു ഗൗരവമേറിയ ക്രിമിനല്‍ കേസില്‍ അറസ്റ്റിലാകുന്നത്. ഇത് ഭക്തജനങ്ങളെയും ദേവസ്വം ബോര്‍ഡിനെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.
വൈദ്യപരിശോധനയ്ക്ക് ശേഷം തന്ത്രിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണം വീണ്ടെടുക്കാനുള്ള ശ്രമങ്ങളും പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.