27/01/2026

ഇറാനെതിരെ സൈനിക നീക്കത്തിനൊരുങ്ങി അമേരിക്ക; ആക്രമണത്തിനുള്ള പ്രാഥമിക പദ്ധതികള്‍ക്ക് ട്രംപിന്റെ അനുമതി

 ഇറാനെതിരെ സൈനിക നീക്കത്തിനൊരുങ്ങി അമേരിക്ക; ആക്രമണത്തിനുള്ള പ്രാഥമിക പദ്ധതികള്‍ക്ക് ട്രംപിന്റെ അനുമതി

വാഷിങ്ടണ്‍: ഇറാനിലെ കലാപം മുതലെടുത്ത് ആക്രമണത്തിനു നീക്കവുമായി അമേരിക്ക. തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിനുള്ള പ്രാഥമിക പദ്ധതികള്‍ തയ്യാറാക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ഇറാനിലെ ആണവ കേന്ദ്രങ്ങളും സൈനിക താവളങ്ങളും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ്, ന്യൂയോര്‍ക്ക് പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാനിലെ ഏതെല്ലാം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തണമെന്ന കാര്യത്തില്‍ വൈറ്റ് ഹൗസില്‍ ചര്‍ച്ചകള്‍ സജീവമാണ്. മേഖലയിലെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള ഇറാന്റെ നീക്കങ്ങളെ പ്രതിരോധിക്കാനാണ് ട്രംപ് ഭരണകൂടം കടുത്ത നടപടികളിലേക്ക് കടക്കുന്നത്. ആക്രമണം എന്ന് നടക്കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെങ്കിലും, എപ്പോള്‍ വേണമെങ്കിലും സൈനിക നടപടിക്കു സജ്ജമായിരിക്കാന്‍ സൈന്യത്തിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

ഇറാന്റെ ആണവ പദ്ധതികളെ തകര്‍ക്കുക, മേഖലയിലെ അവരുടെ സ്വാധീനം കുറയ്ക്കുക എന്നിവയാണ് ട്രംപിന്റെ ലക്ഷ്യമെന്നാണ് സൂചന. നേരത്തെ തന്നെ ഇറാനുമേല്‍ ‘പരമാവധി സമ്മര്‍ദം’ എന്ന തന്ത്രമാണ് ട്രംപ് ഭരണകൂടം പയറ്റുന്നത്. എന്നാല്‍, നേരിട്ടുള്ളൊരു സൈനിക നീക്കത്തിന് അമേരിക്ക മുതിര്‍ന്നാല്‍ അത് പശ്ചിമേഷ്യയില്‍ വലിയ യുദ്ധസമാനമായ സാഹചര്യത്തിന് വഴിവെക്കുമെന്ന് നയതന്ത്ര വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ആക്രമണത്തിനുള്ള സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്നും അന്തിമ തീരുമാനം സാഹചര്യങ്ങള്‍ക്കനുസരിച്ചായിരിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Also read: