അഹമ്മദാബാദ് വിമാന ദുരന്തം: പൈലറ്റിന്റെ ബന്ധുവിനെ ചോദ്യം ചെയ്ത് അന്വേഷണ ഏജൻസി
ന്യൂഡൽഹി: അഹമ്മദാബാദിൽ 260 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ AI-171 വിമാനാപകടത്തിന്റെ അന്വേഷണത്തിൽ പുതിയ വിവാദം. അപകടസമയത്ത് വിമാനം നിയന്ത്രിച്ചിരുന്ന ക്യാപ്റ്റൻ സുമിത് സബർവാളിന്റെ ബന്ധുവും പൈലറ്റുമായ ക്യാപ്റ്റൻ വരുൺ ആനന്ദിനെ അന്വേഷണ ഏജൻസിയായ എഎഐബി (Aircraft Accident Investigation Bureau) ചോദ്യം ചെയ്യാൻ വിളിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.
അന്വേഷണ ഏജൻസിയുടെ നടപടിക്കെതിരെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്‌സ് (FIP) നിയമനടപടി ആരംഭിച്ചു. വരുൺ ആനന്ദിന് അപകടവുമായോ വിമാനത്തിന്റെ ഫ്‌ലൈറ്റ് പ്ലാനിങുമായോ യാതൊരു ബന്ധവുമില്ലെന്ന് പൈലറ്റ്‌സ് യൂണിയൻ ചൂണ്ടിക്കാട്ടി. അദ്ദേഹം സാക്ഷിയോ സാങ്കേതിക വിദഗ്ധനോ അല്ലാത്ത സാഹചര്യത്തിൽ ക്യാപ്റ്റൻ സുമിത്തിന്റെ ബന്ധുവായതുകൊണ്ട് മാത്രം വിളിച്ചുവരുത്തുന്നത് ദുരൂഹമാണെന്നാണ് ആരോപണം.
മരിച്ച പൈലറ്റുമാരുടെ മേൽ കുറ്റം ചുമത്തി അന്വേഷണം അവസാനിപ്പിക്കാനുള്ള ചർച്ച ഇതിന് പിന്നിലുണ്ടെന്ന് പൈലറ്റ് സംഘടന സംശയിക്കുന്നതായും ആരോപണമുണ്ട്. വിമാനാപകട അന്വേഷണങ്ങളിൽ പൈലറ്റുമാരുടെ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തുന്നത് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും അവർ ഓർമ്മിപ്പിച്ചു. അതേസമയം, അന്വേഷണത്തിൽ കൃത്രിമത്വം നടക്കുന്നുവെന്ന ആരോപണം കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു തള്ളി. അന്വേഷണം നിഷ്പക്ഷമാണെന്നും അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.