31/03/2026
[fontresizer_tawhidurrahmandear_widget]

500 രൂപയുടെ നോട്ടുകെട്ടുകള്‍ക്ക് നടുവില്‍ ബിജെപി നേതാവ്; വീഡിയോ വൈറലായപ്പോള്‍ ‘മന്ത്രവാദ’മെന്ന് വിചിത്ര ന്യായം!

 500 രൂപയുടെ നോട്ടുകെട്ടുകള്‍ക്ക് നടുവില്‍ ബിജെപി നേതാവ്; വീഡിയോ വൈറലായപ്പോള്‍ ‘മന്ത്രവാദ’മെന്ന് വിചിത്ര ന്യായം!

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മഹരാജ്ഗഞ്ചില്‍ 500 രൂപയുടെ നോട്ട് കെട്ടുകള്‍ക്കൊപ്പം ഇരിക്കുന്ന ബിജെപി നേതാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ബിജെപി ജില്ലാ നേതാവായ ഗൗതം തിവാരിയാണ് വീഡിയോയിലുള്ളത്. വീഡിയോ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെ വിശദീകരണവുമായി നേതാവ് തന്നെ രംഗത്തെത്തി.

താന്‍ തട്ടിപ്പിന് ഇരയായതാണെന്നും, 1.43 കോടി രൂപ തനിക്ക് നഷ്ടപ്പെട്ടെന്നുമാണ് ഗൗതം തിവാരിയുടെ അവകാശവാദം. മന്ത്രവാദത്തിലൂടെ പണം ഇരട്ടിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഒരു സംഘം തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സംഭവത്തെക്കുറിച്ച് ഗൗതം തിവാരി പറയുന്നതിങ്ങനെ:

വാരാണസിയില്‍നിന്നുള്ള ചിലരാണ് തന്നെ സമീപിച്ചത്. മന്ത്രവാദത്തിലൂടെ പണം വര്‍ധിപ്പിക്കാമെന്ന് ഇവര്‍ വിശ്വസിപ്പിച്ചു. വിശ്വാസം പിടിച്ചുപറ്റാനായി ശൂന്യതയില്‍നിന്ന് 50,000 രൂപയുടെ കെട്ട് ഇവര്‍ സൃഷ്ടിച്ച് കാണിച്ചതായും തിവാരി അവകാശപ്പെടുന്നു. ഇതില്‍ വീണുപോയ താനും സുഹൃത്തുക്കളും സ്‌കോര്‍പിയോ കാറും വീടും വിറ്റാണ് 1.43 കോടി രൂപ സംഘടിപ്പിച്ചു നല്‍കിയത്.

പണം തിരികെ ചോദിച്ചപ്പോള്‍, ഒരു മുറിയില്‍ കൂട്ടിയിട്ടിരിക്കുന്ന നോട്ട് കെട്ടുകള്‍ ഇവര്‍ കാണിച്ചുതന്നു. എന്നാല്‍, പണത്തില്‍ തൊടാന്‍ അനുവദിച്ചില്ല. മന്ത്രവാദം ചെയ്ത പണമാണെന്നും തൊട്ടാല്‍ അനര്‍ത്ഥമുണ്ടാകുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതിനിടയിലാണ് നോട്ട് കെട്ടുകള്‍ക്കൊപ്പം നില്‍ക്കുന്ന തന്റെ വീഡിയോ ഇവര്‍ രഹസ്യമായി പകര്‍ത്തിയത്. പിന്നീട് ഈ വീഡിയോ ഉപയോഗിച്ച് തന്നെ ബ്ലാക്ക്മെയില്‍ ചെയ്യുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.

സംഭവം രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം രംഗത്തെത്തി. നോട്ടുനിരോധനത്തിന് ശേഷവും ഇത്രയധികം കള്ളപ്പണം എവിടെ നിന്ന് വരുന്നുവെന്ന് സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ചോദിക്കുന്നു. ബിജെപി നേതാവിന്റെ കയ്യില്‍ കള്ളപ്പണം കുമിഞ്ഞുകൂടുകയാണെന്നും, മന്ത്രവാദ കഥ വെറും നാടകമാണെന്നും പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. അഴിമതി പണം വെളുപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും, സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

അതേസമയം, സംഭവത്തില്‍ ഇതുവരെ രേഖാമൂലമുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് കൊത്വാലി പോലീസ് ഇന്‍സ്‌പെക്ടര്‍ നിര്‍ഭയ് സിങ് വ്യക്തമാക്കി. പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

Also read: