27/01/2026

പറഞ്ഞത് നടപ്പാക്കി കര്‍ണാടക; തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇവിഎമ്മിനു പകരം ബാലറ്റ് പേപ്പര്‍, പ്രഖ്യാപനവുമായി തെര. കമ്മീഷന്‍

 പറഞ്ഞത് നടപ്പാക്കി കര്‍ണാടക; തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇവിഎമ്മിനു പകരം ബാലറ്റ് പേപ്പര്‍, പ്രഖ്യാപനവുമായി തെര. കമ്മീഷന്‍

ബംഗളൂരു: ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍(ഇവിഎം) ഉപേക്ഷിച്ച് ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങാനൊരുങ്ങി കര്‍ണാടക. വരാനിരിക്കുന്ന ബംഗളൂരു കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തുമെന്ന് കര്‍ണാടക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ജി.എസ് സംഗ്രേഷി ഔദ്യോഗികമായി അറിയിച്ചു. 2026 മെയ് 25-ന് ശേഷമായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യതയെക്കുറിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ദേശീയതലത്തില്‍ തന്നെ ആശങ്കകള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് കര്‍ണാടകയിലെ ഈ സുപ്രധാന നീക്കം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പര്‍ വഴിയാക്കാന്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നല്‍കിയ ശിപാര്‍ശ കൂടി പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

ഗ്രേറ്റര്‍ ബംഗളൂരു അതോറിറ്റിയുടെ (ജിബിഎ) കീഴിലുള്ള അഞ്ച് സിറ്റി കോര്‍പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുക. 1996 മുതല്‍ ബംഗളൂരുവില്‍ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഇവിഎമ്മുകളാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍, ജനാധിപത്യ പ്രക്രിയയില്‍ വോട്ടര്‍മാര്‍ക്ക് പൂര്‍ണ വിശ്വാസം ഉറപ്പാക്കാന്‍ ബാലറ്റ് പേപ്പറുകളാണ് ഉചിതമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിക്കുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സംഗ്രേഷി വ്യക്തമാക്കിയതനുസരിച്ച്, നിലവിലെ നിയമങ്ങള്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നുണ്ട്. ‘ഇതൊരു പുതിയ കാര്യമല്ല, വികസിത രാജ്യങ്ങളില്‍ പോലും ഇപ്പോഴും ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുന്നുണ്ട്. നിയമപരമായി ഇതിന് തടസ്സങ്ങളില്ല,’ അദ്ദേഹം പറഞ്ഞു. 2024-ലെ ഗ്രേറ്റര്‍ ബംഗളൂരു ഗവേണന്‍സ് ആക്ട് പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന് ബാലറ്റ് പേപ്പറോ ഇവിഎമ്മോ ഉപയോഗിക്കാനുള്ള അധികാരമുണ്ട്

കഴിഞ്ഞ സെപ്റ്റംബറിലാണ് തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരാന്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചത്. നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഇവിഎം ഉപയോഗിക്കുന്നത് തുടരുമ്പോഴും, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ മാറ്റം കൊണ്ടുവരുന്നത് വഴി കൃത്രിമത്വങ്ങള്‍ ഒഴിവാക്കാനാകുമെന്നാണ് ഭരണപക്ഷത്തിന്റെ പ്രതീക്ഷ. ‘ബുള്ളറ്റിനേക്കാള്‍ ശക്തി ബാലറ്റിനുണ്ട്’ എന്നാണ് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ ഈ തീരുമാനത്തെ വിശേഷിപ്പിച്ചത്.

എന്നാല്‍, പുതിയ നീക്കത്തിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. സാങ്കേതികവിദ്യയില്‍ മുന്നിട്ടുനില്‍ക്കുന്ന ബംഗളൂരു പോലൊരു നഗരത്തെ പിന്നോട്ട് വലിക്കുന്ന നടപടിയാണിതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. വോട്ടെണ്ണലിന് കാലതാമസമെടുക്കുമെന്നും കൃത്രിമത്വം നടക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

എസ്എസ്എല്‍സി, പിയുസി പരീക്ഷകള്‍ക്ക് ശേഷം മെയ് 25 കഴിഞ്ഞാകും തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുക. മാര്‍ച്ചില്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.

Also read: