സുപ്രീംകോടതിയിൽ തൃണമൂലിന് തിരിച്ചടി; ഐ-പാക് ഉദ്യോഗസ്ഥന്റെ ഫോൺ പരിശോധിക്കാൻ ഇഡിക്ക് അനുമതി
ന്യൂഡൽഹി: ഐ-പാക് ഉദ്യോഗസ്ഥൻ ജിതേന്ദ്ര മേത്തയുടെ ഫോൺ പരിശോധിക്കുന്നതിൽ നിന്ന് ഇഡി തടയണമെന്ന ആവശ്യം തള്ളിയതോടെ സുപ്രീംകോടതിയിൽ തൃണമൂലിന് കനത്ത തിരിച്ചടിയായി. രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക്കിന്റെ ഡൽഹി ഓഫീസിൽ ഈ മാസം 8ന് നടത്തിയ പരിശോധനയിലാണ് മേത്തയുടെ ഫോൺ ഇഡി പിടിച്ചെടുത്തത്. ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരാകാൻ മേത്തയ്ക്ക് ഇഡി നിർദ്ദേശം നൽകിയിട്ടുണ്ട്.
തന്റെ ഫോൺ പരിശോധിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും അടുത്ത വാദം കേൾക്കുന്ന ചൊവ്വാഴ്ച വരെ ഇതിൽ നിന്ന് ഇഡിയെ വിലക്കണമെന്നും മേത്തയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി.എ സുന്ദരം വാദിച്ചു. എന്നാൽ, ‘എന്തിനാണ് നിങ്ങൾ ഇത്ര ഭയപ്പെടുന്നത്?’ എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. നിരപരാധിയായ ഒരു പൗരനെ എങ്ങനെ സംരക്ഷിക്കണമെന്ന് കോടതിക്കറിയാമെന്നും ബെഞ്ച് വ്യക്തമാക്കി. ഇതോടെ അന്വേഷണവുമായി മുന്നോട്ട് പോകാൻ ഇഡിക്ക് വഴിതെളിഞ്ഞു.
ഈ മാസം 8ന് ഡൽഹിയിൽ ഇഡി പരിശോധന നടത്തിയെങ്കിലും, കൊൽക്കത്തയിലെ ഐ-പാക് ഓഫീസിൽ പശ്ചിമ ബംഗാൾ പോലീസിന്റെ ഇടപെടൽ മൂലം നടപടികൾ തടസ്സപ്പെട്ടിരുന്നു. മുഖ്യമന്ത്രി മമത ബാനർജിയുടെ സാന്നിധ്യത്തിൽ പോലീസ് ഉദ്യോഗസ്ഥർ ഇഡി പിടിച്ചെടുത്ത രേഖകളും ഉപകരണങ്ങളും തിരിച്ചുവാങ്ങിയതായാണ് റിപ്പോർട്ട്. ബംഗാൾ സർക്കാരിന്റെ ഈ നീക്കങ്ങൾക്കിടെയാണ് ഇപ്പോൾ സുപ്രീം കോടതിയിൽ നിന്ന് ഉദ്യോഗസ്ഥന് അനുകൂലമായ വിധി ഉണ്ടാകാത്തത് ശ്രദ്ധേയമാകുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ഡിജിറ്റൽ ഉപകരണങ്ങൾ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ഹരജികൾ സുപ്രീം കോടതി നിലവിൽ പരിഗണിക്കുന്നുണ്ട്. ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിങ്, ന്യൂസ് ക്ലിക്ക്, തമിഴ്‌നാട് സർക്കാർ എന്നിവയുമായി ബന്ധപ്പെട്ട കേസുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. വ്യക്തിഗത ഉപകരണങ്ങൾ പരിശോധിക്കുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരമുള്ള സ്വകാര്യതയ്ക്കുള്ള അവകാശത്തെയും, 20(3) അനുച്ഛേദ പ്രകാരമുള്ള സ്വയം കുറ്റപ്പെടുത്തലിനെതിരായ അവകാശത്തെയും ലംഘിക്കുമെന്നാണ് ഹരജിക്കാരുടെ വാദം.
ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതിന് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കാൻ 2023 നവംബറിൽ സുപ്രീം കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ഇതിനായി ആഭ്യന്തര മന്ത്രാലയം പ്രത്യേക പാനൽ രൂപീകരിച്ചിട്ടുണ്ട്. ഈ വിഷയങ്ങളിൽ വിശദമായ വാദം കേൾക്കുന്നതിനായി കോടതി അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.