27/01/2026

‘നാട്ടിൽ ഹിന്ദുത്വം പറയും; ദുബൈയിൽ ചെന്ന് മക്കളെ പർദ ഉടുപ്പിക്കും’-കൃഷ്ണകുമാറിനെതിരെ സംഘ്പരിവാർ സൈബറാക്രമണം

 ‘നാട്ടിൽ ഹിന്ദുത്വം പറയും; ദുബൈയിൽ ചെന്ന് മക്കളെ പർദ ഉടുപ്പിക്കും’-കൃഷ്ണകുമാറിനെതിരെ സംഘ്പരിവാർ സൈബറാക്രമണം

ന്യൂഡൽഹി: യുഎഇയിലെ പള്ളി സന്ദർശനത്തിനിടെ മക്കൾ പർദ ധരിച്ചതിന്റെ പേരിൽ ബിജെപി നേതാവിനും നടനുമായ കൃഷ്ണകുമാറിനെതിരെ സംഘ്പരിവാർ അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകളുടെ സൈബർ ആക്രമണം. കൃഷ്ണകുമാറിനെ ബിഹാർ ടൂറിസം മന്ത്രിയാക്കിയാണ് വിദ്വേഷ പ്രചാരണം. ഹിന്ദുത്വവാദിയായ കൃഷ്ണകുമാർ ഗൾഫിലെത്തിയപ്പോൾ മക്കളെ നിർബന്ധിച്ച് ഹിജാബ് ധരിപ്പിച്ചുവെന്ന് ആരോപിച്ചാണ് ‘എക്‌സ്’ പ്ലാറ്റ്ഫോമിൽ ആക്രമണം നടക്കുത്.

‘ഹിന്ദുത്വ നൈറ്റ്’ എന്ന എക്‌സ് ഹാൻഡിലാണ് കൃഷ്ണകുമാറും മക്കളും അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാന്റ് മോസ്‌കിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ച് ആദ്യം രംഗത്തെത്തിയത്. ‘ഇതാണ് ബിഹാർ ടൂറിസം മന്ത്രി കൃഷ്ണകുമാർ. ഇദ്ദേഹം അടുത്തിടെ ദുബൈ സന്ദർശിച്ചപ്പോൾ മക്കളെ ഹിജാബ് ധരിപ്പിച്ചു. യുഎഇയിൽ ഹിജാബ് നിർബന്ധമല്ലാതിരുന്നിട്ടും ഇവർ അത് ചെയ്തു. നാട്ടിൽ ഹിന്ദുത്വയും ദേശീയതയും പറയുന്നവരുടെ ഇരട്ടത്താപ്പാണിത്’ എന്നായിരുന്നു പോസ്റ്റിലെ ആരോപണം. ഈ പോസ്റ്റ് നിമിഷങ്ങൾക്കകം മറ്റ് വലതുപക്ഷ പ്രൊഫൈലുകൾ ഏറ്റുപിടിക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.

സംഭവം വിവാദമായതോടെ പ്രമുഖ ഫാക്ട് ചെക്കറായ മുഹമ്മദ് സുബൈർ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തി. പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്നും ചിത്രത്തിലുള്ളത് ബിഹാർ മന്ത്രിയല്ല, മറിച്ച് കേരളത്തിലെ ബിജെപി നേതാവായ കൃഷ്ണകുമാറാണെന്നും അദ്ദേഹം വ്യക്തമാക്കി. 2022-ൽ കൃഷ്ണകുമാറും കുടുംബവും അബുദാബിയിലെ ഷെയ്ഖ് സായിദ് പള്ളി സന്ദർശിച്ചപ്പോൾ എടുത്ത പഴയ ചിത്രമാണിത്. പള്ളിയിൽ പ്രവേശിക്കുന്ന സന്ദർശകർ, മതം നോക്കാതെ തലയും ശരീരവും മറയ്ക്കണമെന്നത് അവിടുത്തെ നിർബന്ധിത ഡ്രസ് കോഡാണ്. ഇത് പാലിക്കുക മാത്രമാണ് കൃഷ്ണകുമാർ കുടുംബം ചെയ്തതെന്നും സുബൈർ ചൂണ്ടിക്കാട്ടി.

ചന്ദൻ കുമാർ സിങ് എന്ന വ്യക്തിയാണ് ഈ വ്യാജപ്രചാരണത്തിന് പിന്നിലെന്നും ഇയാൾ ബിജെപിയുമായി ബന്ധമുള്ളയാളാണെന്നും സുബൈർ ചൂണ്ടിക്കാട്ടി. മുസ്ലിം സ്ത്രീകൾക്കെതിരെയും പിന്നീട് ഹിന്ദു പെൺകുട്ടികൾക്കെതിരെയും അധിക്ഷേപങ്ങൾ നടത്തിയിരുന്ന ഇയാൾ ഇപ്പോൾ സ്വന്തം പാർട്ടിയിലെ നേതാക്കളുടെ കുടുംബങ്ങളെത്തന്നെ ലക്ഷ്യമിടുകയാണെന്നും സുബൈർ കുറിച്ചു.

സത്യം പുറത്തുവന്നതോടെ ആദ്യം പോസ്റ്റിട്ട ‘ഹിന്ദുത്വ നൈറ്റ്’ എന്ന ഹാൻഡിൽ ക്ഷമാപണം നടത്തി. കൃഷ്ണകുമാർ ബിഹാർ മന്ത്രിയല്ലെന്ന് മനസ്സിലായെന്നും നിലവിലെ ബിഹാർ ടൂറിസം മന്ത്രി അരുൺ ശങ്കർ പ്രസാദിനോട് മാപ്പ് ചോദിക്കുന്നുവെന്നും ചന്ദൻ കുമാർ തിരുത്തി. എങ്കിലും, ഒരു ബിജെപി നേതാവിന്റെ മകൾ എന്തിന് ഹിജാബ് ധരിച്ചു എന്ന് കൃഷ്ണകുമാർ വ്യക്തമാക്കണമെന്ന വാദവും ഇയാൾ ഉയർത്തിയിട്ടുണ്ട്.

2022-ൽ ഈ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചപ്പോൾ, പള്ളിയുടെ സൗന്ദര്യത്തെക്കുറിച്ചും അത് കാണാൻ കഴിഞ്ഞതിലുള്ള സന്തോഷത്തെക്കുറിച്ചും കൃഷ്ണകുമാർ കുറിച്ചിരുന്നു. അന്നും ഹിജാബ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ എതിരാളികൾ ഇതിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ, ഇപ്പോൾ സ്വന്തം പാർട്ടി അനുഭാവികളിൽ നിന്നുതന്നെ കൃഷ്ണകുമാറിന് പഴയ ചിത്രം ഉപയോഗിച്ച് ആക്രമണം നേരിടേണ്ടി വന്നിരിക്കുകയാണ്.

Also read: