25 വർഷത്തെ മൗനം അലിഞ്ഞില്ലാതായി; കഅ്ബയ്ക്ക് മുന്നിൽ ബദർ സംസാരിച്ചു!-ജോർദാൻ പൗരന്റെ വിസ്മയാനുഭവം പങ്കുവച്ച് അറബ് മാധ്യമങ്ങൾ
ബദര്‍ ബദ്രാന്‍ കഅ്ബയ്ക്ക് മുന്നില്‍
മക്ക: 25 വർഷം നീണ്ട കാത്തിരിപ്പും പ്രാർത്ഥനയും ഒടുവിൽ ആ പുണ്യഭൂമിയിൽ വെച്ച് സാഫല്യമായി. മക്കയിലെ വിശുദ്ധ കഅ്ബയുടെ മുന്നിൽ വെച്ച് ജോർദാൻ സ്വദേശിയായ ബദർ ബദറാൻ എന്ന യുവാവിനുണ്ടായ വിസ്മയകരമായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ചെറിയ പ്രായത്തിൽ സംസാരശേഷി നഷ്ടപ്പെട്ട ബദറിന് കഅ്ബയ്ക്കു ചുറ്റും വലം ചെയ്യുന്നതിനിടെ സംസാരശേഷി തിരികെക്കിട്ടിയ വാർത്തയാണിപ്പോൾ ഏറെ കൗതുകമാകുന്നത്.
കഅ്ബയെ ആദ്യമായി കൺകുളിർക്കെ കണ്ട നിമിഷം, ആ ആത്മീയ ചൈതന്യത്തിൽ അലിഞ്ഞുചേർന്ന ബദർ, ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് ഉച്ചത്തിൽ ചൊല്ലിക്കൊണ്ടാണ് തന്റെ സംസാരശേഷി തിരികെ ലഭിച്ച വിവരം ലോകത്തെ അറിയിച്ചതെന്ന് ‘അൽജസീറ അറബിക്’ റിപ്പോർട്ട് ചെയ്തു. ബദറിന്റെ ഉമ്മ തന്റെ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ഏതൊരു വിശ്വാസിയുടെയും കണ്ണുനിറയ്ക്കുന്നതാണ്:
‘അല്ലാഹുവിന് സ്തുതി, അവന്റെ മഹത്വത്തിന് അനുയോജ്യമായ രീതിയിൽ ഞാൻ അവനെ സ്തുതിക്കുന്നു. 25 വർഷത്തെ ക്ഷമയ്ക്ക് ശേഷം, കഅ്ബയുടെ മുന്നിൽ വെച്ച് എന്റെ മകൻ ബദർ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് ഉച്ചരിക്കുന്നത് കേൾക്കാൻ ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. വിവരിക്കാനാവാത്ത സന്തോഷവും അനുഗ്രഹവുമാണിത്, എല്ലാ പുകഴ്ച്ചയും പടച്ചവന് മാത്രം.’
ഈ അത്ഭുതവാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ബദർ ബദറാൻ യഥാർത്ഥത്തിൽ സംസാരിക്കാൻ കഴിയാത്ത ആളായിരുന്നോ എന്ന സംശയത്തിന് അദ്ദേഹത്തിന്റെ അധ്യാപകൻ തന്നെ മറുപടിയുമായി രംഗത്തെത്തി. അഞ്ചാം വയസ്സിലുണ്ടായ ഒരു വലിയ ഞെട്ടലിനെ തുടർന്നാണ് ബദറിന് സംസാരശേഷി നഷ്ടപ്പെട്ടതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
നീണ്ട 21 വർഷക്കാലം കേൾക്കാൻ കഴിയുമെങ്കിലും സംസാരശേഷിയില്ലാതെ യുവാവ് ജീവിച്ചു. ചികിത്സകൾ ഏറെ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മാന്യമായി പെരുമാറുന്ന സ്വഭാവക്കാരനായിരുന്ന ബദർ, തന്റെ ജീവിതത്തിൽ ഒരുപാട് പരിഹാസങ്ങളും വേട്ടയാടലുകളും നേരിട്ടിട്ടുണ്ടെന്നും, അതെല്ലാം ദൈവം മാത്രം അറിയുന്ന ക്ഷമയോടെ അദ്ദേഹം സഹിക്കുകയായിരുന്നുവെന്നും അധ്യാപകൻ കുറിച്ചു.
ജോർദാനിലെ പ്രശസ്തമായ അൽ-ഫൈസലി ക്ലബ്ബിന്റെ കടുത്ത ആരാധകൻ കൂടിയാണ് ബദർ. അദ്ദേഹത്തിന്റെ ഈ തിരിച്ചുവരവിൽ ക്ലബ്ബ് ഔദ്യോഗികമായി അഭിനന്ദനങ്ങൾ അറിയിച്ചു: ‘നോർത്തേൺ ജോർദാൻ വാലിയിൽ നിന്നുള്ള അൽ-ഫൈസലി ആരാധകൻ ബദർ ബദറാന്, 26 വർഷത്തെ നിശബ്ദതയ്ക്ക് ശേഷം തന്റെ ആദ്യ ഉംറ തീർത്ഥാടനത്തിനിടെ സംസാരശേഷി തിരികെ ലഭിച്ചതിൽ അൽ-ഫൈസലി കുടുംബം അഭിനന്ദനങ്ങൾ അറിയിക്കുന്നു.’
അൽ ജസീറ റിപ്പോർട്ടിൽ ബദർ വികാരാധീനനായി സംസാരിക്കുന്ന ദൃശ്യങ്ങൾ കാണാം. കഅ്ബയിൽ സ്പർശിച്ച് ബദർ കരഞ്ഞുകൊണ്ട് സംസാരിക്കുമ്പോൾ ചുറ്റുമുണ്ടായിരുന്ന തീർത്ഥാടകരും ആ സന്തോഷത്തിൽ പങ്കുചേർന്നു.