‘ഇറാനെ തൊട്ടാൽ സമ്പൂർണ യുദ്ധം’; കളത്തിലിറങ്ങി ഇറാഖി ഹിസ്ബുല്ലയും-അമേരിക്കയ്ക്ക് മുന്നറിയിപ്പ്
ബഗ്ദാദ്: ഇറാനെതിരെ ആക്രമണമുണ്ടായാൽ സമ്പൂർണ യുദ്ധം നേരിടേണ്ടി വരുമെന്ന് ഇറാഖിലെ സായുധസംഘമായ കതാഇബ് ഹിസ്ബുല്ലയുടെ മുന്നറിയിപ്പ്. മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ അമേരിക്കൻ വിമാനവാഹിനിക്കപ്പൽ ഇറാൻ സമുദ്രത്തിനു പരിസരത്ത് നിലയുറപ്പിച്ച വാർത്തകൾക്കു പിന്നാലെയാണ് കടുത്ത ഭീഷണിയുമായി ഇറാഖി സംഘം രംഗത്തെത്തിയത്. നേരത്തെ യമൻ സായുധസംഘമായ ഹൂത്തികളും യുഎസിനെതിരെ ചെങ്കടൽ ഓപറേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇറാൻ പിന്തുണയുള്ള കതാഇബ് ഹിസ്ബുല്ലയുടെ തലവൻ അബു ഹുസൈൻ അൽ-ഹമിദാവിയാണ് കഴിഞ്ഞ ദിവസം പ്രസ്താവന പുറത്തിറക്കിയത്. തങ്ങളുടെ പോരാളികളോട് യുദ്ധത്തിന് തയ്യാറെടുക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തിട്ടുമുണ്ട്.
‘ഇറാനെ കീഴ്‌പ്പെടുത്താനും നശിപ്പിക്കാനും ഇരുട്ടിന്റെ ശക്തികൾ ഒരുമിച്ചുകൂടുകയാണ്. ഇറാൻ മുസ്‌ലിംകളുടെ കോട്ടയും അഭിമാനവുമാണ്. ഇസ്‌ലാമിക് റിപബ്ലിക്കിനെതിരായ യുദ്ധം പാർക്കിലൂടെ നടക്കുന്നത് പോലെ എളുപ്പമായിരിക്കില്ല എന്ന് ശത്രുക്കളെ ഓർമിപ്പിക്കുന്നു. മരണത്തിന്റെ ഏറ്റവും കയ്‌പേറിയ രുചി നിങ്ങളറിയും. ഞങ്ങളുടെ മേഖലയിൽ നിങ്ങളിൽ ഒന്നും അവശേഷിക്കില്ല,’ അബു ഹുസൈൻ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ജൂണിൽ ഇസ്രയേലും അമേരിക്കയും ഇറാനെ ആക്രമിച്ചപ്പോൾ ലബനനിലെ ഹിസ്ബുല്ലയോ ഇറാഖിലെ സായുധ സംഘങ്ങളോ സഹായത്തിനെത്തിയിരുന്നില്ല. എന്നാൽ, ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമായിരിക്കുമെന്നും ഇറാനെ സഹായിക്കേണ്ടത് അനിവാര്യമാണെന്നും ഹമിദാവി സൂചിപ്പിച്ചു.
യു.എസ് സൈന്യം മേഖലയിൽ സന്നാഹങ്ങൾ വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഇറാഖിൽനിന്ന് പുതിയൊരു പോർമുഖം കൂടി തുറക്കുമെന്ന ഭീഷണി ഉയരുന്നത്. ഐ.എസിനെ തുരത്താൻ 2014-ൽ രൂപീകരിച്ച പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സസിലെ ഏറ്റവും വലിയ ഘടകകക്ഷികളിലൊന്നാണ് കതാഇബ് ഹിസ്ബുല്ല.