‘ശങ്കരാചാര്യനാണോ എന്ന് ചോദിക്കാൻ എന്ത് അധികാരം?’; യോഗിക്കെതിരെ ഉമാ ഭാരതി
ഭോപ്പാൽ/ലക്‌നൗ: പ്രയാഗ്രാജിലെ മാഘമേളയുമായി ബന്ധപ്പെട്ട് ജ്യോതിഷ് പീഠം ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദും ഉത്തർപ്രദേശ് ഭരണകൂടവും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. വിഷയത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ സ്വന്തം പാർട്ടിയിൽനിന്ന് തന്നെ എതിർപ്പുകൾ ഉയരുകയാണ്. ഏറ്റവുമൊടുവിൽ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഉമാ ഭാരതിയും ശങ്കരാചാര്യർക്ക് പിന്തുണയുമായി രംഗത്തെത്തി. സ്വാമി അവിമുക്തേശ്വരാനന്ദിനോട് ശങ്കരാചാര്യനാണെന്നതിന്റെ തെളിവ് ഹാജരാക്കാൻ ആവശ്യപ്പെട്ട ഭരണകൂട നടപടിയെ ഉമാ ഭാരതി രൂക്ഷമായി വിമർശിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ആരും ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് യോഗി ആദിത്യനാഥ്.
അതിരു കടന്ന നടപടികളാണ് ഭരണകൂടം കൈക്കൊള്ളുന്നതെന്നും ഇതു മര്യാദകേടാണെന്നും ഉമാ ഭാരതി ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘എക്‌സി’ലൂടെയാണ് അവർ തന്റെ വിയോജിപ്പ് പരസ്യമാക്കിയത്. ഒരു സന്യാസി ശങ്കരാചാര്യനാണോ എന്ന് പരിശോധിക്കാനോ അതിന് തെളിവ് ചോദിക്കാനോ സർക്കാർ ഉദ്യോഗസ്ഥർക്ക് യാതൊരു അവകാശവുമില്ലെന്ന് അവർ വ്യക്തമാക്കി.
‘സ്വാമി അവിമുക്തേശ്വരാനന്ദ് മഹാരാജും ഉത്തർപ്രദേശ് സർക്കാരും തമ്മിലുള്ള പ്രശ്‌നത്തിന് നല്ല പരിഹാരം ഉണ്ടാകുമെന്ന വിശ്വാസമുണ്ട്. എന്നാൽ, ഉദ്യോഗസ്ഥർ അദ്ദേഹത്തോട് ശങ്കരാചാര്യനാണെന്നതിന് തെളിവ് ചോദിച്ചത്, ഭരണകൂടം തങ്ങളുടെ മര്യാദകളും അതിരുകളും ലംഘിച്ചതിന് തുല്യമാണ്. ഈ അധികാരം ശങ്കരാചാര്യന്മാർക്കും പണ്ഡിത സഭയ്ക്കും മാത്രമേയുള്ളൂ.’-ഉമാ ഭാരതി വ്യക്തമാക്കി.
പ്രയാഗ്‍രാജില്‍ നടക്കുന്ന മാഘമേളയിൽ ക്യാമ്പ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഭരണകൂടവും സ്വാമി അവിമുക്തേശ്വരാനന്ദും തമ്മിൽ തർക്കം ഉടലെടുത്തത്. ഇരുപക്ഷവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതിനിടെയാണ് ഭരണകൂടം ശങ്കരാചാര്യ പദവിക്ക് തെളിവ് ചോദിച്ചത്. ഇത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി.
വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചത്. ‘ഭരണഘടനയ്ക്കും നിയമത്തിനും മുകളിൽ ആരുമല്ല’ എന്ന് അദ്ദേഹം വ്യക്തമാക്കി. രാമായണത്തിലെ ‘കാൽനേമി’ എന്ന അസുരനോടാണ് (സന്യാസി വേഷം ധരിച്ച അസുരൻ) പരോക്ഷമായി അദ്ദേഹം പ്രതിഷേധക്കാരെ ഉപമിച്ചത്. സന്യാസി വേഷം കെട്ടിയ ചിലർ സനാതനധർമത്തെ ദുർബലപ്പെടുത്താൻ ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. ശങ്കരാചാര്യരുടെ പേരെടുത്തു പറയാതെയായിരുന്നു യോഗിയുടെ ഈ രൂക്ഷ വിമർശനം.
അതേസമയം, വിഷയത്തിൽ യുപി സർക്കാരിനെതിരെ ഭരണപക്ഷത്തുനിന്ന് തന്നെ സമ്മർദമേറുകയാണ്. ബറേലിയിലെ സിറ്റി മജിസ്ട്രേറ്റ് അലങ്കാർ അഗ്‌നിഹോത്രി രാജിവച്ചത് ഈ വിവാദവുമായി ബന്ധപ്പെട്ടാണെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. കൂടാതെ, നിരവധി ബിജെപി നേതാക്കൾ സ്വന്തം സർക്കാരിന്റെ നിലപാടിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
ബിജെപിയുടെ ഫയർബ്രാൻഡ് നേതാവായ ഉമാ ഭാരതി കൂടി പരസ്യമായി രംഗത്തെത്തിയതോടെ ഉത്തർപ്രദേശ് സർക്കാർ കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്. ജ്യോതിഷ് പീഠം ശങ്കരാചാര്യരുടെ പക്ഷത്താണ് താൻ നിൽക്കുന്നതെന്ന് ഉമാ ഭാരതി വ്യക്തമാക്കിക്കഴിഞ്ഞു.